തീരദേശ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം; അനങ്ങാപ്പാറയായി ജല അതോറിറ്റി
text_fieldsപറവൂർ: കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴും കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതിനുൾപ്പെടെ കാര്യക്ഷമമായ പരിഹാര മാർഗങ്ങൾ സ്വീകരിക്കുന്നതിൽ ജല അതോറിറ്റി വീഴ്ച വരുത്തുന്നതായി ആക്ഷേപം. കഴിഞ്ഞ ഒരാഴ്ചയിലേറെയായി തീരദേശ പഞ്ചായത്തുകളിൽ ഉൾപ്പെടെ പറവൂരിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. ജനപ്രതിനിധികൾ ജല അതോറിറ്റി ഓഫിസിലെത്തി കുത്തിയിരിപ്പ് സമരം നടത്തിയിട്ടും പരിഹാരം മാർഗം കണ്ടെത്തിയിട്ടില്ല.
ചൊവ്വരയിലെ പമ്പിങ് തകരാറാണെന്ന സ്ഥിരം മറുപടിയാണ് പറവൂരിൽ നിന്ന് ലഭിക്കുന്നത്. പ്രശ്ന പരിഹാരത്തിനായി പമ്പിങ് നിർത്തി വെച്ച് പണി നടത്തിയതായി അറിയിപ്പുണ്ടായിട്ടും കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെട്ടില്ല. പറവൂരിൽ കിട്ടുന്ന കുറഞ്ഞ അളവിലെ വെള്ളം വിവിധ സ്ഥലങ്ങളിലേക്ക് പമ്പ് ചെയ്താലും തീരദേശ മേഖലകളിൽ എത്തുന്നില്ല. മറ്റ് ശുദ്ധജല സ്രോതസ്സ് ഒന്നും തന്നെയില്ലാത്ത തീരദേശ മേഖലയിലെ ജനങ്ങൾ ഇതോടെ തീർത്തും ദുരിതത്തിലായി.
ചിറ്റാറ്റുകര, വടക്കേക്കരക്ക് പുറമേ കോട്ടുവള്ളി, ചേന്ദമംഗലം പ്രദേശങ്ങളിലും ഗുരുതര കുടിവെള്ള പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, സ്ഥിരം സമിതി അധ്യക്ഷ മിനി വർഗ്ഗീസ് മാണിയാറ, അംഗങ്ങളായ വി.ജി. ഷാഗ് മോൾ, പി.എം. ആന്റണി, പി.കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പറവൂർ കരിയാട്, ആലുവ തുടങ്ങിയ സ്ഥലങ്ങളിലുള്ള ജല അതോറിറ്റി ഓഫിസുകളിലെത്തി ഉദ്യോഗസ്ഥരെ കണ്ട് പ്രശ്നപരിഹാരം ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബി മരം മുറിക്കലുമായി ബന്ധപ്പെട്ട്ചൊവ്വര സ്റ്റേഷനിലെ പമ്പിങ് തടസ്സപ്പെട്ടതാണ് കുടിവെള്ള ലഭ്യതയുടെ കുറവായി അവർ വ്യക്തമാക്കിയത്. പ്രത്യേകമായി ചൊവ്വരയിൽ നിന്ന് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഡഡിക്കേഷൻ ലൈനിന്റെ പൂർത്തികരണത്തോടെയേ പൂർണ പ്രശ്നപരിഹാരമാകൂ എന്നും ഉദ്യോഗസ്ഥർ ജനപ്രതിനിധികളെ അറിയിച്ചു.
എന്നാൽ പൈപ്പുകൾ പൊട്ടുന്നത് സ്ഥിരമായ പ്രദേശങ്ങളിൽ ശാശ്വതപരിഹാരം കാണാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന ആക്ഷേപമുയർന്നു. മുനമ്പം കവലയിൽ ദേശീയ പാതക്ക് സമീപം കുടിവെള്ള പൈപ്പിലെ ചോർച്ച നിത്യസംഭവമാണ്. കഴിഞ്ഞ കുറേ നാളുകളായി പത്തിലേറെ തവണ ഇവിടെ അറ്റകുറ്റ പണി നടത്തിയിട്ടും ചോർച്ച നിലനിൽക്കുകയാണ്. ദേശീയ പാതയിലെ തന്നെ അവിദഗ്ധരായ തൊഴിലാളികളെ ഉപയോഗിച്ചാണ് പണി നടത്തുന്നതാണ് കാരണം. ചോർച്ച മൂലം റോഡ് തകർന്ന് ഈ വഴിയുള്ള ഗതാഗതം ദുഷ്കരമായിട്ടും ബന്ധപ്പെട്ടവർ പരിഹാരത്തിന് ശ്രമിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.