പറവൂരിലെ കുടിവെള്ള ക്ഷാമം: ചൊവ്വാഴ്ച അടിയന്തിര യോഗം
text_fieldsപറവൂർ: ദേശീയപാത 66ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ പറവൂരിലേയും പരിസര പഞ്ചായത്തിലെയും കുടിവെള്ളക്ഷാമം പരിഹരിക്കാനായി അടിയന്തിരമായി ഉദ്യോഗസ്ഥതല യോഗം വിളിച്ചുചേർക്കാൻ ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അറിയിച്ചു.
പുതിയ ദേശീയപാതയുടെ നിര്‍മാണത്തിന്റെ തുടക്കത്തിൽ തന്നെ ഇതുവഴിയുള്ള പൈപ്പ് ലൈനുകളും വൈദ്യുതി ലൈനുകളും ദേശീയ പാത അതോറിറ്റിയുടെ ചെലവിൽ മാറ്റി സ്ഥാപിക്കണമെന്ന് നിര്‍ദേശം നൽകിയിരുന്നതാണ്.
ജല അതോറിറ്റിയുടേയും കെ.എസ്.ഇ.ബിയുടേയും പൈപ്പ് ലൈനുകളും ഇലക്ട്രിക് ലൈനുകളും മാറ്റി സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, റോഡിന്റെ കിഴക്കു ഭാഗവും പടിഞ്ഞാറ് ഭാഗവും തമ്മിൽ ബന്ധിപ്പിച്ചിരുന്ന പൈപ്പ് കണക്ഷണുകളും വൈദ്യുതി കണക്ഷനുകളും പുന:സ്ഥാപിക്കുന്നതിനോ പുതിയ ലൈനുകള്‍ സ്ഥാപിക്കുന്നതിനോ ദേശീയപാത അതോറിറ്റി തയ്യാറായില്ല. ഇക്കാരണത്താൽ നിയോജക മണ്ഡലത്തിലെ വടക്ക് വടക്കേക്കര പഞ്ചായത്ത് മുതല്‍ തെക്ക് വരാപ്പുഴ പഞ്ചായത്ത് വരെയുള്ള ഭാഗത്ത് നാഷണല്‍ ഹൈവേയോട് ചേര്‍ന്ന വാര്‍ഡുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി.
ഇതിനെതിരെ ജല അതോറിറ്റി ദേശീയ പാത അധികൃതർക്ക് പരാതി നൽകി. ഇക്കാര്യത്തിൽ ജല അതോറിറ്റിയുടേയും പൊതുജനങ്ങളുടേയും നിരന്തര പരാതിയെ തുടര്‍ന്നാണ് അടിയന്തിര യോഗം വിളിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നൽകിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം വിളിക്കാന്‍ ഇനിയും താമസിക്കുമെന്നുള്ളത് കണക്കിലെടുത്താണ് ഒട്ടും വൈകാതെ തന്നെ ഈ കാര്യങ്ങള്‍ പരിഹരിക്കാനായി ഉദ്യോഗസ്ഥ തല യോഗം വിളിക്കാന്‍ നിര്‍ദേശം നൽകിയത്.
ഇത് പ്രകാരം വടക്കേക്കര, ചിറ്റാറ്റുകര, കോട്ടുവള്ളി, വരാപ്പുഴ പഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍, പറവൂര്‍ നഗരസഭ സെക്രട്ടറി, വാട്ടര്‍ അതോറിറ്റി ആലുവ, എറണാകുളം എക്സിക്യൂട്ടിവ് എൻജിനീയര്‍മാര്‍, ഈ ഭാഗങ്ങളിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍, ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി ചൊവ്വാഴ്ച രാവിലെ യോഗം ചേരും.
ഈ യോഗത്തില്‍ ഈ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് അടിയന്തിര പരിഹാരം കണ്ടെത്തുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.