പറവൂരിൽ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട്; നഗരസഭയും കൈയൊഴിയാൻ സാധ്യത
text_fieldsപറവൂർ: പറവൂരിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടും സബ് ആർ.ടി ഓഫിസും നഗരത്തിൽ തന്നെ നിലനിർത്തണമെന്ന പൊതു ആവശ്യം നിറവേറ്റുന്നതിൽനിന്നും നഗരസഭ പിന്നോട്ടു പോകാൻ സാധ്യത. ഡ്രൈവിങ് ടെസ്റ്റിന് അനുയോജ്യമായ സ്ഥലവും സബ് ആർ.ടി ഓഫിസിന് പറ്റിയ കെട്ടിടവും കണ്ടെത്താൻ നഗരസഭക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. നഗരസഭയുടെ പല സ്ഥലങ്ങളും ചൂണ്ടിക്കാണിച്ചെങ്കിലും അനുവദിക്കാൻ അധികൃതർ തയാറായിട്ടില്ല.
പറവൂർ, വൈപ്പിൻ മേഖലയിലെ ഡ്രൈവിങ് സ്കൂളിൽ നിന്നുള്ളവർ നഗരാതിർത്തിയിൽ തെക്കേ നാലു വഴിയിലെ ദേശീയപാത വികസനത്തിന് ഏറ്റെടുത്തിരുന്ന സ്ഥലത്താണ് വർഷങ്ങളായി ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്നത്. ദേശീയപാത നിർമാണം ആരംഭിച്ചതോടെ നിലവിൽ നന്തികുളങ്ങരയിലെ സ്വകാര്യ ഭൂമിയിലാണ് ടെസ്റ്റ് നടത്തി വരുന്നത്. ടെസ്റ്റ് നടത്താൻ സ്ഥലം കണ്ടെത്താൻ അധികൃതർ താലൂക്കിലെ പഞ്ചായത്തുകളെയും നഗരസഭയെയും സമീപിച്ചെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നു.
പുത്തൻവേലിക്കര പഞ്ചായത്ത് സ്ഥലം വിട്ടുനിൽക്കാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പറവൂരിൽനിന്നും ദൂരം കൂടുതലാണെന്ന കാരണത്താൽ എതിർപ്പ് ശക്തമാക്കി. നഗരത്തിൽ തന്നെ സ്ഥലം കണ്ടെത്തണമെന്ന് നഗരസഭക്ക് മേൽ സമ്മർദം ഉയരുകയും ചെയ്തു. വെടിമറ ശ്മശാനത്തോട് ചേർന്ന് കിടക്കുന്ന ഭൂമിയും ഫയർ സ്റ്റേഷന് സമീപത്തെ പുറമ്പോക്ക് ഭൂമിയുമാണ് പല സംഘടനകളും ചൂണ്ടിക്കാണിച്ചത്.
എന്നാൽ, ഈ സ്ഥലങ്ങൾ നഗരസഭ പല പദ്ധതികൾക്കുമായി മാറ്റി വെച്ചിട്ടുള്ളതാണ്. കഴിഞ്ഞ 10 വർഷത്തെ നഗരസഭയുടെ ബജറ്റ് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. വെടിമറയിൽ പൊതുശ്മശാനം നഗരസഭയുടെ ദീർഘനാളായുള്ള പദ്ധതിയാണ്. നഗരത്തിൽ ആധുനിക രീതിയിലുള്ള അറവ് ശാലയില്ല. ഇതിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നതും വെടിമറയിലാണ്. ഇൻഡോർ സ്റ്റേഡിയത്തിന് ബജറ്റുകളിൽ തുക വക കൊള്ളിക്കാറുണ്ട്. ഇതിനുള്ള സ്ഥലവും പരിഗണനയിലുള്ളത് വെടിമറയിൽ തന്നെ.
ഇതിന് പുറമെയാണ് പറവൂർ കോടതികളിലെ ജഡ്ജിമാർക്ക് ഫയർസ്റ്റേഷന് സമീപത്തെ റവന്യൂ ഭൂമിയിൽ ക്വാർട്ടേഴ്സ് പണിയണമെന്ന ആവശ്യം. ഇക്കാരണങ്ങളാലാണ് നഗരസഭ വ്യക്തമായ തീരുമാനമറിയിക്കാതെ ഉരുണ്ടുകളിക്കുന്നത്. എം.എൽ.എ യുമായി ആലോചിച്ച് സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നാണ് നഗരസഭ അധികൃതരുടെ സ്ഥിരം മറുപടി. സ്ഥല സൗകര്യങ്ങൾ ഒരുക്കുന്നതിൽ നിന്ന് പത്തോളം പഞ്ചായത്തുകൾ തടി തപ്പിയതുപോലെ നഗരസഭയും കൈ ഒഴിയുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.