20 മാസം അജ്ഞാത വാസം; പറവൂർ സഹകരണ ബാങ്കിൽനിന്ന് കാണാതായ ആധാരം ഒടുവിൽ കണ്ടെത്തി
text_fieldsപറവൂർ: വായ്പ തുക മുഴുവൻ അടച്ചിട്ടും 20 മാസമായി വീട്ടമ്മക്ക് തിരിച്ചുകൊടുക്കാതിരുന്ന വസ്തുവിെൻറ ആധാരം വി.ഡി. സതീശൻ എം.എൽ.എയുടെ ഇടപെടൽമൂലം 48 മണിക്കൂറിനകം കണ്ടെത്തിയത് വീണ്ടും വിവാദമായി. പറവൂർ സഹകരണബാങ്കിൽ 2019 ജനുവരിയിൽ വായ്പ തുക മുഴുവൻ അടച്ച് ആധാരത്തിന് ഇക്കാലമത്രയും ബാങ്കിൽ കയറിയിറങ്ങിയ വീട്ടമ്മക്കാണ് അഞ്ചുസെൻറ് ഭൂമിയുടെ ആധാരം തിരിച്ചുകിട്ടിയത്. ആധാരം കാണാനില്ല എന്നാണ് ബാങ്ക് ഭരണസമിതിക്കാർ പറഞ്ഞിരുന്നത്.
വീട്ടമ്മ ഒന്നര മാസം മുമ്പ് സഹകരണ അസി. രജിസ്ട്രാർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ആധാരം കിട്ടാത്തതിനാൽ വീട്ടമ്മക്ക് സർക്കാറിെൻറ ഭവനവായ്പക്ക് അപേക്ഷ നൽകാൻ കഴിഞ്ഞില്ല.കഴിഞ്ഞ ബുധനാഴ്ച കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി ബാങ്കിന് മുന്നിൽ ധർണ സംഘടിപ്പിച്ചിരുന്നു.
ഒരാഴ്ചക്കകം ആധാരം തിരിച്ചുനൽകുകയോ അല്ലാത്തപക്ഷം ആധാരം നഷ്ടപ്പെട്ടതായി സർട്ടിഫിക്കറ്റ് നൽകുകയോ ചെയ്യണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആധാരം കണ്ടെത്തിയതായി ബാങ്ക് അധികൃതർ വെളിപ്പെടുത്തിയത്. 20 മാസമായി കാണാതിരുന്ന ആധാരം രണ്ടുദിവസത്തിനകം എങ്ങനെ കണ്ടെത്തിയെന്ന ചോദ്യത്തിന് ബാങ്ക് ഭരണസമിതിക്കാർക്ക് ഉത്തരമില്ല.
ബാങ്ക് ഭരണസമിതിയിലെ ചിലർക്കെതിരെ അഴിമതി ആരോപിച്ച് പാർട്ടിക്കാർ നൽകിയ പരാതിയിൽ സി.പി.എം ജില്ല കമ്മിറ്റി മൂന്നംഗ കമീഷനെ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് പുറത്താക്കിയിട്ടില്ല. അതിനിടയിലാണ് ആധാരം കാണാതായത്.
ബാങ്കിൽ നടന്നത് 1.32 കോടിയുടെ ആദായ നികുതി വെട്ടിപ്പ് –എം.എൽ.എ
പറവൂർ: പറവൂർ സഹകരണ ബാങ്കിൽ നടന്നത് 1.32 കോടി രൂപയുടെ ആദായ നികുതി വെട്ടിപ്പെന്ന് വി.ഡി. സതീശൻ എം.എൽ.എ. വെള്ളിയാഴ്ച നടത്തിയ വാർത്തസമ്മേളനത്തിലാണ് ബാങ്കിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. 2013ൽ ബാങ്ക് 1.46 കോടി രൂപ ആദായനികുതി അടെച്ചന്നാണ് വാർഷിക ജനറൽ ബോഡിയെ അറിയിച്ചത്. എന്നാൽ, ആദായ നികുതി ഓഫിസിലെ രേഖകളിൽ ബാങ്ക് 14.6 ലക്ഷം രൂപ മാത്രമാണ് അടച്ചിട്ടുള്ളത്. ചില ബോർഡ് അംഗങ്ങൾ ചേർന്ന് ബാങ്കിനെയും സഹകാരികളെയും തെറ്റിദ്ധരിപ്പിക്കുകയാണ്.
ബാങ്കിന് മുന്നിൽ സമരം നടന്ന് 24 മണിക്കൂറിനകം കാണാതായ ആധാരം കണ്ടുകിട്ടിയതിൽ ദുരൂഹതയുണ്ട്. ഇത് ഭരണസമിതിയിൽ ചിലർക്കെതിരെ താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ മുൻ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ആധാരം നഷ്ടപ്പെട്ട ശാന്തകുമാരിയുടെ മകൻ മധു, മരുമകൻ മനോജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
'ബാങ്കിനെതിരായ കുപ്രചാരണങ്ങൾ ആസൂത്രിതം'
പറവൂർ: ജില്ലയിലെ സഹകരണ പ്രസ്ഥാനത്തിന് മാതൃകയായ പറവൂർ സഹകരണ ബാങ്കിനെതിരെ വി.ഡി. സതീശൻ എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന കള്ള പ്രചാരവേലകൾ ആസൂത്രിതമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ബാങ്ക് ഭരണസമിതി ആവശ്യപ്പെട്ടു.
ബാങ്കിൽനിന്ന് വായ്പ എടുത്ത ഒരംഗത്തിെൻറ ആധാരം തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. നഗരസഭയിലെ കെടുകാര്യസ്ഥതയും വീഴ്ചകളും ജനങ്ങളിൽനിന്ന് മറച്ചുപിടിക്കാൻ വേണ്ടിയാണ് ബാങ്കിനെതിരെ കുപ്രചാരണങ്ങൾ നടത്തുന്നത്.
നഗരസഭയുടെ വാംബെ ഭവനപദ്ധതിയിൽ അനുകൂല്യം ലഭിച്ച ഒരംഗത്തിന് പണം തികയാതെ വന്നപ്പോൾ നഗരസഭയുമായി ത്രികക്ഷി കരാർ ഉണ്ടാക്കി 15 വർഷം കാലാവധിയുള്ള വായ്പ നൽകി. വായ്പ തീരുന്ന മുറക്ക് ആധാരം നഗരസഭയിൽനിന്ന് ഗുണഭോക്താവ് കൈപ്പറ്റണം എന്ന് വ്യവസ്ഥ ചെയ്തിരുന്നു. ആധാരം തിരികെ ലഭിക്കുന്നതിന് വായ്പക്കാരൻ നഗരസഭയെ ആദ്യം സമീപിക്കാതെ ബാങ്കിനെതിരെ ബോധപൂർവം ആക്ഷേപം ഉന്നയിക്കുകയാണ് ചെയ്തത്. പ്രളയത്തിനും കോവിഡ് കാലത്തും ജനങ്ങൾക്ക് സഹായമേകുന്ന പ്രവർത്തനങ്ങളാണ് ബാങ്കിൽ നടന്നിട്ടുള്ളത്.
സ്ഥാപനത്തെ താറടിക്കാനുള്ള ഗൂഢനീക്കത്തിൽനിന്ന് ഇക്കൂട്ടർ പിന്തിരിയണമെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത പ്രസിഡൻറ് കെ.എ. വിദ്യാനന്ദൻ, ഭരണസമിതി അംഗങ്ങളായ ടി.വി. നിഥിൻ, വി.എസ്. ഷഡാനന്ദൻ, ഇ.പി. ശശിധരൻ എന്നിവർ പറഞ്ഞു.
സഹകാരികളുടെ പ്രതിഷേധ സംഗമം ഇന്ന്
പറവൂർ: സഹകരണ ബാങ്കിനെതിരെ എം.എൽ.എ നടത്തുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ എൽ.ഡി.എഫിെൻറ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിന് പഴയ സ്റ്റാൻഡിന് സമീപം സഹകാരികളുടെ പ്രതിഷേധസംഗമം നടക്കുമെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.