വീട്ടിൽ പല ദിവസങ്ങളിൽ പലയിടങ്ങളിൽ അഗ്നിബാധ: കാരണം കണ്ടെത്താനായില്ല
text_fieldsനീണ്ടൂർ വാഴേപറമ്പിൽ ഡോ. വി.വി. വേണുഗോപാലിന്റെ വീട്ടിലെ ഉപയോഗിക്കാത്ത ഫ്രിഡ്ജ് കത്തിയപ്പോൾ
പറവൂർ: ദുരൂഹതയും ആശങ്കയും വർധിപ്പിച്ച് ഒരു വീടിനകത്ത് പല മുറികളിലുള്ള നാല് വസ്തുക്കൾ കത്തിനശിച്ചു. ഗാർഹിക ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാമഗ്രികളാണ് കത്തിനശിച്ചത്. ചിറ്റാറ്റുകര നീണ്ടൂർ വാഴേപറമ്പിൽ ഡോ. വി.വി. വേണുഗോപാലിന്റെ വീട്ടിലാണ് സംഭവം. കാലങ്ങളായി ഉപയോഗിക്കാതിരുന്ന വൈദ്യുതി കണക്ഷൻ നൽകാത്ത പഴയ ഫ്രിഡ്ജ്, കിടക്ക, മെയിൻ സ്വിച്ചിന്റെ ബോക്സ്, ലാപ്ടോപ് എന്നിവയാണ് കത്തിയത്. ഏപ്രിൽ 11ന് പുലർച്ച 2.30ന് ഈ വീട്ടിലെ എ.സിയും രണ്ട് കിടക്കയും കത്തി. ഇവ രണ്ടും വ്യത്യസ്തമുറികളിലായിരുന്നു.
ഇതിനുശേഷം വീട്ടുകാർ താഴത്തെ നിലയിലെ മെയിൻ സ്വിച്ച് മാറ്റി. ശനിയാഴ്ച രാവിലെ 11ഓടെ മുകളിലത്തെ നിലയിൽ ചെന്നപ്പോഴാണ് ആ നിലയിലെ മെയിൻ സ്വിച്ച് ബോക്സിന്റെ പുറംഭാഗം കരിഞ്ഞത് കണ്ടത്. ചുവരിലേക്ക് തീ ആളിയിട്ടുണ്ടെങ്കിലും ബോക്സിനകത്തെ വയറുകൾക്കും ഇ.എൽ.സി.ബികൾക്കും കേട് സംഭവിച്ചിട്ടില്ല. സ്വിച്ച് ബോക്സിന്‍റെ പുറം ഭാഗത്തെ കവർ കരിയണമെങ്കിൽ നന്നായി തീ പിടിച്ചിട്ടുണ്ടാകുമെന്നാണ് അഗ്നിരക്ഷ വിഭാഗം ഉദ്യോഗസ്ഥരുടെ നിഗമനം. മുകളിലെ നില വാടകക്ക് നൽകാൻ നേരത്തേ താഴത്തെയും മുകളിലെയും മെയിൻ സ്വിച്ച് രണ്ടാക്കി മാറ്റിയിരുന്നു.
ഇലക്ട്രീഷൻ വീട്ടിൽ ഉള്ളപ്പോഴാണ് വൈകീട്ട് മൂന്നോടെ വീടിനോട് ചേർന്നുള്ള വർക്ക് ഏരിയയിൽ ഉപയോഗിക്കാതെ വെച്ച ഫ്രിഡ്ജ് കത്തിയത്. ഏതാനും മിനിറ്റുകൾക്കകം മറ്റൊരു മുറിയിലെ കിടക്കയും വേറൊരു മുറിയിൽ ഇരുന്ന ബാഗും അതിലെ ലാപ്ടോപ്പും കത്തി. 36 വർഷമായി കുടുംബം ഇവിടെ താമസിക്കുന്നുണ്ട്. വേണുഗോപാലും ഭാര്യയും മക്കളുമാണ് വീട്ടിൽ സ്ഥിരമായുള്ളത്. പുറത്തുനിന്ന് വേറെ ആരും ഈ ദിവസങ്ങളിൽ വീട്ടിൽ വന്നിട്ടില്ല.
വൈദ്യുതിയുമായി ബന്ധമില്ലാത്ത വസ്തുക്കൾ കത്തുന്നതിൽ വീട്ടുകാർ ആശങ്കയിലാണ്. രാത്രി കിടന്നുറങ്ങാൻപോലും ധൈര്യമില്ലാത്ത അവസ്ഥയാണിവർക്ക്. തീപിടിച്ചാൽ പെട്ടെന്നു കെടുത്താൻ എല്ലാ മുറികളിലും വെള്ളം ഒരുക്കിവെച്ചിട്ടുണ്ട്. രണ്ടുതവണയും അഗ്നിരക്ഷസേന പരിശോധിച്ചെങ്കിലും തീപിടിച്ചതിന്റെ കാരണം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.