പറവൂരിൽ ഗവ. കോളജ്: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കടലാസിൽ
text_fieldsപറവൂർ: അധ്യയനവർഷത്തിന് തിങ്കളാഴ്ച തുടക്കമാവുമ്പോൾ അഞ്ചു വർഷം മുഖ്യമന്ത്രി നടത്തിയ ‘പറവൂരിൽ ഗവ. കോളജ്’ എന്നപ്രഖ്യാപനം ഇപ്പോഴും കടലാസിലുറങ്ങുന്നു. ദീർഘനാളായി പറവൂരിൽ പ്രവർത്തിച്ചുവന്ന കേസരി മെമോറിയൽ കോളജിന്റെ രണ്ടേക്കറോളം സ്ഥലവും കെട്ടിടങ്ങളും ഫർണിച്ചറും ട്രസ്റ്റ് സർക്കാറിന് വിട്ടുകൊടുക്കുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. 2023 അധ്യയനവർഷം കോളജ് ആരംഭിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾക്ക് സർക്കാർ ഉറപ്പു നൽകിയെങ്കിലും സാമ്പത്തിക പ്രയാസം ചൂണ്ടിക്കാട്ടി ആദ്യം മൂന്നു മാസത്തേക്ക് നീട്ടി വെക്കുകയും വീണ്ടും മൂന്ന് മാസവും പിന്നീട് ആറ് മാസവും നീട്ടി ഒരു അധ്യയന വർഷം നഷ്ടപ്പെടുത്തുകയായിരുന്നു.
കോളജിനാവശ്യമായ സ്ഥലവും ആവശ്യമായ കെട്ടിടങ്ങളും ഓഫീസ്, ലാബ്, ലൈബ്രറി, ഫർണിച്ചർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. മൂന്നു കോഴ്സുകൾ അംഗീകരിച്ച് കോളജ് അനുവദിച്ചതായി സർക്കാർ ഉത്തരവ് പറപ്പെടുവിച്ചാൽ ഒരു മാസത്തിനകം കോളജിന്റെ പ്രവർത്തനം തുടങ്ങാനാകും. ആറു താൽക്കാലിക അധ്യാപകരെ മാത്രം നിയമിച്ചാൽ മതിയാകും. അധ്യാപകേതര ജീവനക്കാരെ മറ്റിടങ്ങളിൽ നിന്ന് ഇവിടേക്ക് സ്ഥലംമാറ്റുകയും ചെയ്യാം. മഹാരാജാസ് കോളജിലെ അധ്യാപകനാണ് സ്പെഷ്യൽ ഓഫിസർ. അദ്ദേഹമായിരിക്കും പ്രിൻസിപ്പൽ. ഇതൊന്നും അധികച്ചിലവുണ്ടാക്കുന്ന കാര്യമല്ല. എന്നിട്ടും പറവൂരിൽ ഗവ. കോളജ് എന്ന സ്വപ്നം യാഥാർഥ്യമാകുന്നില്ല. പറവൂരിലെ വിദ്യാർഥികൾക്ക് മാല്യങ്കര എസ്.എൻ.എം കോളജ് കഴിഞ്ഞാൽ ആലുവയും എറണാകുളവുമെല്ലാമാണ് ഉന്നത വിദ്യാഭ്യാസത്തിന് ആശ്രയം.
സർക്കാറിന് ഒരു രൂപ പോലും മുടക്കില്ലാതെ എല്ലാ സൗകര്യവും ഒരുക്കിയിട്ടും കോളജിന് ഔദ്യോഗിക അനുമതി നൽകാത്തത് പറവൂരിനോടുള്ള സർക്കാറിന്റെ അവഗണനയാണ് വ്യക്തമാക്കുന്നതെന്ന് മുസ്ലിം ലീഗ് പറവൂർ നിയോജക മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി. ആറ് താൽകാലിക അധ്യാപകർക്കുള്ള ഒരു വർഷത്തെ വേതനം മാത്രമാണ് പുതുതായി അനുവദിക്കേണ്ടത്. കോളജ് ഈ അധ്യയനവർഷം തന്നെ ആരംഭിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും വിദ്യഭ്യാസ മന്ത്രിക്കും അയച്ച നിവേദനത്തിൽ മുസ്ലിം ലീഗ് പറവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ. അബ്ദുല്ല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.