ഹരിതകർമസേനാംഗത്തെ ഇടിച്ചിട്ട ബസ് ഇനിയും കണ്ടെത്താനാവാത്തത് പൊലീസ്-കെ.എസ്.ആർ.ടി.സി ഒത്തുകളിയോ ?
text_fieldsഅപകടത്തിൽ പരിക്കേറ്റ ഷീബ
പറവൂർ: നഗരസഭയിലെ ഹരിതകർമസേന അംഗം പെരുമ്പടന്ന മാട്ടുമ്മൽ ഷീബക്ക് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് പരിക്കേറ്റ സംഭവത്തിൽ പൊലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഹരിതകർമ സേനാംഗങ്ങൾ പൊലീസ് സ്റ്റേഷൻ മാർച്ചിന് ഒരുങ്ങുന്നു. അപകടത്തിന് കാരണമായ ബസ് കണ്ടെത്താനോ ഡ്രൈവറെ അറസ്റ്റ് ചെയ്യാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസും കെ.എസ്.ആർ.ടി.സിയും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്.
കഴിഞ്ഞ 31ന് രാവിലെ 10.17ന് നഗരമധ്യത്തിലെ പ്രധാന റോഡിലെ ചേന്ദമംഗലം കവലയിൽ ഷീബ തള്ളിക്കൊണ്ടുപോകുകയായിരുന്ന ഉന്തുവണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.
ഉന്തുവണ്ടി മറിയുകയും ഷീബ റോഡിൽ തെറിച്ച് വീഴുകയും ചെയ്തു. ഷീബയുടെ ഇടതുകൈയിലെ എല്ലിനും തോളിനും പരിക്കേറ്റു. സംഭവശേഷം ബസ് നിർത്താതെ പോയി. നാട്ടുകാരാണ് ഷീബയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
ഹരിതകർമസേന കൺസോർട്യം സെക്രട്ടറി നേരിട്ട് പറവൂർ സ്റ്റേഷനിൽ എത്തി പരാതി നൽകി. ഷീബയുടെ മൊഴി എടുക്കാൻ വിളിപ്പിച്ച പൊലീസ് ബസിന്റെ നമ്പർ കണ്ടുപിടിച്ച് വരാൻ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. അപകടദൃശ്യങ്ങൾ സമീപത്തെ സി.സി ടി.വിയിൽ ഉണ്ടെങ്കിലും ബസിന്റെ നമ്പർ വ്യക്തമല്ല.
കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽനിന്ന് പുറപ്പെട്ട സമയം നോക്കി ബസും ഡ്രൈവറെയും പൊലീസിന് കണ്ടുപിടിക്കാൻ കഴിയുമെങ്കിലും രാഷ്ട്രീയ സമ്മർദത്താൽ പൊലീസ് അതിന് തുനിയുന്നില്ലെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് ഷീബക്ക് നീതി തേടി സഹപ്രവർത്തകരായ 43 ഹരിതകർമ സേനാംഗങ്ങൾ പൊലീസ് സ്റ്റേഷൻ മാർച്ചിന് തയാറെടുക്കുന്നത്. ചില സംഘടനകൾ മാർച്ചിന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.