സംഘർഷ ഭൂമിയിൽനിന്ന് വീടിന്റെ സ്നേഹത്തണലിൽ ഹെബി
text_fieldsപറവൂർ: യുദ്ധം കൊടുമ്പിരിക്കൊണ്ട യുക്രെയ്നിൽനിന്ന് വീട്ടിലെത്തിയ മെഡിക്കൽ വിദ്യാർഥി ഹെബിയെ സ്നേഹചുംബനം നൽകി തൊണ്ണൂറുകാരി അമ്മൂമ്മ മേരി സ്വീകരിച്ചപ്പോൾ കണ്ടു നിന്ന സഹോദരി ഹെൽനയുടെയും പിതാവ് ഹെൻട്രിയുടെയും മനസ്സ് കുളിർത്തു. 11 വർഷം മുമ്പ് മാതാവ് മരിച്ച ഹെബിയുടെ ആശ്വാസം എന്നും അമ്മൂമ്മ മേരിയായിരുന്നു.
10 ദിവസമായി നെഞ്ചിൽ ആളിനിന്ന തീ അണഞ്ഞ സന്തോഷത്തിലായിരുന്നു ഹെൻട്രിയും കുടുംബവും. യുക്രെയ്നിൽ യുദ്ധം ആരംഭിച്ചെന്ന വാർത്ത കേട്ടതുമുതൽ പ്രാർഥനയിലായിരുന്നു.
ഒന്നാം തീയതി ഹെബിയും കൂടെയുള്ള വിദ്യാർഥികളും അവർ താമസിച്ചിരുന്ന യുക്രെയ്നിലെ പടിഞ്ഞാറൻ പ്രദേശമായ ലീവീവിൽനിന്ന് പോളണ്ടിൽ എത്തിയെന്നറിഞ്ഞതോടെ കുടുംബം ആശ്വാസത്തിലായിരുന്നു. അവിടെനിന്ന് കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ 39 അംഗ മലയാളി സംഘത്തെ വിമാന മാർഗം തന്നെ വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിക്കുകയായിരുന്നു.
യുക്രെയ്നിലെ രണ്ടാംവർഷ വെറ്ററിനറി മെഡിസിൻ വിദ്യാർഥിയാണ് ഹെബി. പോളണ്ടിൽ എത്താൻ ഇവർക്ക് അഞ്ചു ദിവസത്തെ ശ്രമം വേണ്ടിവന്നു. ആദ്യം മറ്റൊരു കേന്ദ്രത്തിൽക്കൂടി പോളണ്ടിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും യുക്രെയ്ൻ പട്ടാളം അനുവദിച്ചില്ലെന്ന് ഹെബി പറഞ്ഞു.
അന്ന് 70 അംഗ സംഘത്തിലെ സ്ത്രീകളെ കടത്തിവിട്ടിരുന്നു. മറ്റുള്ളവർ അവിടെനിന്ന് പിന്മാറിയശേഷം മറ്റൊരു വഴി തേടുകയായിരുന്നു. അങ്ങനെയാണ് വേറെ വഴിയിലൂടെ പോളണ്ടിൽ എത്തിയത്. ഇതിനിടയിൽ എത്ര ദൂരം നടന്നെന്ന് കണക്കില്ല. ആഹാരവും കുറവായിരുന്നു. കടകൾ അടഞ്ഞുകിടന്നതിനാൽ കാശുണ്ടായിട്ടും ഒന്നും വാങ്ങാനായില്ല. കുറച്ച് ബിസ്കറ്റ് ആയിരുന്നു ആശ്വാസം. പറവൂർ മാച്ചാംതുരുത്ത് കരിച്ചേരി വീട്ടിൽ ഹെൻട്രിയുടെ മകനായ ഹെബി യുദ്ധസാധ്യത മുന്നിൽക്കണ്ട് ഈ നാലിന് നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും അതിനിടെ യുദ്ധം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.