പാർക്കിങ് കേന്ദ്രത്തിൽനിന്ന് ഹെൽമറ്റുകൾ കാണാതാകുന്നു
text_fieldsപറവൂർ: നഗരസഭ ഉടമസ്ഥതയിലുള്ള വാഹന പാർക്കിങ് കേന്ദ്രത്തിൽനിന്ന് ഹെൽമറ്റുകൾ കാണാതാകുന്നത് പതിവാകുന്നു. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ് സ്റ്റാൻഡിന് സമീപത്തെ വാഹന പാർക്കിങ് കേന്ദ്രത്തിൽനിന്ന് നിരവധി പേരുടെ ഹെൽമറ്റുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാതായത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡും തൊട്ടടുത്തായതിനാൽ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന നിബന്ധനയിലാണ് നഗരസഭ ഇത് കരാർ നൽകിയിരിക്കുന്നത്. കരാർ ഏറ്റെടുത്തയാൾക്ക് പുറമേ മറ്റൊരു ജീവനക്കാരിയും ഇവിടെയുണ്ട്. ഒന്നും രണ്ടും ദിവസങ്ങൾ കഴിഞ്ഞശേഷം വാഹനം എടുക്കാനെത്തുമ്പോഴാണ് ഹെൽമറ്റ് നഷ്ടമായ വിവരം അറിയുന്നത്. കഴിഞ്ഞ ദിവസം ഹെൽമറ്റ് നഷ്ടമായ വനിത പൊതു പ്രവർത്തക പരാതി പറയാനെത്തിയപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തായത്. ഇതേസമയം വാഹനമെടുക്കാൻ വന്ന മൂന്നുപേരിൽ രണ്ടുപേർക്കും സമാന രീതിയിൽ ഹെൽമറ്റ് നഷ്ടമായ വിവരം അവർ പറഞ്ഞു. എന്നാൽ, ഉത്തരവാദിത്തം ഏറ്റെടുക്കാൻ ജീവനക്കാരി തയാറായില്ല.
ആളുകൾ കൂടുതൽ ശക്തമായി പ്രതികരിച്ചതോടെ നടത്തിപ്പുകാരന്റെ മൊബൈൽ നമ്പർ ജീവനക്കാരി നൽകി. ഇതിൽ വിളിച്ചപ്പോൾ ആദ്യം ഇയാൾ നിഷേധിച്ചു. എന്നാൽ, നഗരസഭ അധികാരികൾക്ക് പരാതി നൽകുമെന്ന് പറഞ്ഞതോടെ നിലപാട് മാറ്റിയ ഇയാൾ സമീപത്തെ ഷോപ്പിങ് കോംപ്ലക്സിലെ ശൗചാലയം തുറന്നുനോക്കാൻ ജീവനക്കാരിയോട് ആവശ്യപ്പെട്ടു. ഹെൽമറ്റ് നഷ്ടമായവർ ചേർന്ന് ശൗചാലയം തുറന്നപ്പോൾ മൂന്നുനാല് ചാക്കുകളിലായി 20 ഓളം ഹെൽമറ്റുകൾ ഒളിപ്പിച്ചുവെച്ച നിലയിൽ കണ്ടെത്തി. മാസങ്ങൾക്കുമുമ്പ് നഷ്ടമായ ഹെൽമറ്റുകൾ വരെ ഇക്കൂട്ടത്തിൽപ്പെടും. ഹെൽമറ്റ് കാണാതാകുമ്പോൾ ആരെങ്കിലും എടുത്തു കൊണ്ടുപോയെന്ന ധാരണയിൽ കരാറുകാരനോടോ ജീവനക്കാരിയോടോ പരാതി പറയാതെ ആളുകൾ പോകുകയാണ് പതിവ്. ഇത് കരാറുകാരൻ തരമാക്കിയതാവാം ഇത്തരം സംഭവം നടക്കാൻ കാരണമെന്നാണ് നിഗമനം. ആളുകൾ അന്വേഷിച്ചെത്തിയില്ലെങ്കിൽ കുറഞ്ഞ വിലക്ക് മറിച്ചുവിൽക്കാനായി ഇത് മാറ്റിയിട്ടതാണെന്നും ആക്ഷേപമുണ്ട്.
അതേസമയം ഹെൽമറ്റ് കാണാതായ വിഷയത്തിൽ ആളുകളിൽനിന്ന് പരാതി ലഭിച്ചതോടെ നഗരസഭ സെക്രട്ടറി പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് കരാർ ഏറ്റെടുത്ത വ്യക്തിയെ നഗരസഭയിൽ വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. എന്നാൽ, ഹെൽമറ്റ് ചിലർ കവരുന്നതിനാൽ ഇതെടുത്ത് സൂക്ഷിച്ച് വെക്കുക മാത്രമാണ് ചെയ്തതെന്ന് കരാറുകാരൻ പറഞ്ഞു. ഇയാളെ പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.