വീട് പൊളിച്ചുകളഞ്ഞ സംഭവം: ‘കെൽസ’ ഇടപെടലിൽ ലീലക്ക് ആറുസെന്റ് ഭൂമിയായി
text_fieldsപറവൂർ: സ്വത്ത് തർക്കത്തെ തുടർന്ന് ബന്ധുവീട് പൊളിച്ചുകളഞ്ഞതിനെ തുടർന്ന് തലചായ്ക്കാനിടമില്ലാതെ വിഷമിച്ച പെരുമ്പടന്ന വാടാപ്പിള്ളി പറമ്പ് ലീലക്ക് സംസ്ഥാന നിയമസഹായ അതോറിറ്റി (കെൽസ) സഹായഹസ്തം. കെൽസ ഇടപെട്ടതോടെ ലീലക്ക് ആറുസെന്റ് ഭൂമി ലഭിച്ചു.
സഹോദരങ്ങൾ അടക്കം ബന്ധുക്കൾ ഒപ്പിട്ട് നൽകിയതോടെയാണ് ആറുസെന്റ് ഭൂമി ലഭിച്ചത്. സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരന്റെ മകൻ രമേഷാണ് വീട് പൊളിച്ചുകളഞ്ഞത്.
ഇതോടെ തലചായ്ക്കാൻ ഇടമില്ലാതായ അവിവാഹിതയും അനാഥയുമായ ലീലയുടെ അവസ്ഥ മനസ്സിലാക്കിയാണ് അതോറിറ്റി ചെയർമാനും ഹൈകോടതി ജഡ്ജിയുമായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഇടപെട്ടത്.
അദ്ദേഹത്തിന്റെ നിർദേശപ്രകാരം നിയമസഹായ അതോറിറ്റി ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എൻ. രജ്ഞിത് കൃഷ്ണൻ വിഷയം കൈകാര്യംചെയ്തു. സബ് ജഡ്ജ് എൻ. രഞ്ജിത് കൃഷ്ണന്റെ നിർദേശാനുസരണം താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി സെക്രട്ടറി വി.ഇ. വർഗീസ്, വളന്റിയർ ആശ ഷാബു എന്നിവർ ഞായറാഴ്ച വൈകീട്ട് ലീലയെ കാണാനെത്തി.
കുടികിടപ്പവകാശമായി ലഭിച്ച ഏഴ് സെന്റ് ഭൂമിയാണ് ലീലക്ക് ഉള്ളത്. ഇതിന് ലീല ഉൾപ്പെടെ ഏഴ് അവകാശികളാണുള്ളത്. ലീലയുടെ ജീവിച്ചിരിക്കുന്ന സഹോദരിയോടും മരണമടഞ്ഞ നാല് സഹോദരങ്ങളുടെ അവകാശികളോടും നേരിട്ട് സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി. അഞ്ചുപേർക്ക് അവകാശപ്പെട്ട വിഹിതം ലീലക്ക് നൽകാൻ ബന്ധുക്കൾ സമ്മതിച്ചു. ലീല താമസിച്ചിടുന്ന വീട് പൊളിച്ചുകളഞ്ഞ സഹോദരന്റെ മകൻ രമേഷിന്റെ ഒരുസെന്റ് ഒഴിവാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ പറവൂർ മുൻസിഫ് കോടതിയിൽ സബ് ജഡ്ജ് മുൻകൈയെടുത്ത് പ്രത്യക അദാലത്ത് വിളിച്ചുചേർത്തു. ലീലയുടെ സഹോദരി സരസ്വതി, അന്തരിച്ച സഹോദരങ്ങളായ ശിവൻ, ബാലൻ, പാർവതി, ലക്ഷ്മി എന്നിവരുടെ അവകാശികളും അദാലത്തിനെത്തി. ലീലക്ക് ഭൂമിയുടെ അവകാശം കൈമാറാൻ സമ്മതമാണെന്ന രേഖകൾ ഇവർ ഒപ്പിട്ട് നൽകി. ഇത് പ്രത്യേക അദാലത്തിന്റെ അവാർഡായി സബ് ജഡ്ജ് എൻ. രഞ്ജിത് കൃഷ്ണൻ ലീലക്ക് കൈമാറി.
കോടതി വിധിക്ക് തുല്യമായ രേഖയാണ് കൈമാറിയതെന്ന് സബ് ജഡ്ജ് പറഞ്ഞു. ലീലയുടെ പേരിൽ ഇനി ഇത് ആധാരമാക്കി മാറ്റാനാകും. സ്വന്തം കിടപ്പാടത്തിനായി അലഞ്ഞ തനിക്ക് പണച്ചെലവില്ലാതെ ഭൂമി ലഭ്യമാക്കിയതിന് നേതൃത്വം നൽകിയവരോട് നിറകണ്ണുകളോടെ ലീല നന്ദിപറഞ്ഞു.
അഭിഭാഷകരായ കെ.കെ. ബിന്ദു, ജി. പത്മകുമാർ, പറവൂർ താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി സെക്രട്ടറി വി.ഇ. വർഗീസ്, വളന്റിയർ ആശ ഷാബു എന്നിവരും അദാലത്തിൽ പങ്കെടുത്തു. വ്യാഴാഴ്ച വൈകീട്ട് ആലുവയിൽനിന്ന് ജോലികഴിഞ്ഞ് തിരികെ എത്തുമ്പോഴാണ് ലീല താമസിച്ചിരുന്ന വീട് പൊളിച്ച നിലയിൽ കണ്ടത്. രമേഷ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് വീട് തകർത്തത്. വസ്ത്രങ്ങളും അത്യാവശ്യ വീട്ടുപകരണങ്ങളും തകർന്ന വീടിനടിയിലായി. പിന്നീടുള്ള മൂന്നുദിവസം പൊളിഞ്ഞുകിടക്കുന്ന വീട്ടിൽ തന്നെയാണ് ലീല കഴിച്ചുകൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.