ബസുകൾ മാറി, കാലം മാറി; പറവൂർ സ്റ്റാൻഡിന് ഒരുമാറ്റവുമില്ല
text_fieldsപറവൂർ: മൂന്നര പതിറ്റാണ്ടുമുമ്പ് സ്ഥാപിതമായ പറവൂരിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വികസനം എത്തിനോക്കിയിട്ട് വർഷങ്ങൾ. രണ്ടേകാൽ ഏക്കറിലാണ് പ്രവർത്തിക്കുന്നത്. ആരംഭഘട്ടത്തിൽ നിർമിച്ച കെട്ടിടങ്ങളല്ലാതെ പുതുതായി ഒന്നും പണിതിട്ടില്ല. സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ്, എ.ടി.ഒ കാര്യാലയം, മിനി വർക്ക്ഷോപ്, ഡീസൽ നിറക്കുന്ന കേന്ദ്രം, ഒരു കാത്തിരിപ്പുകേന്ദ്രം, ഒരു കാൻറീൻ കെട്ടിടം ഇവയാണുള്ളത്.
കെട്ടിടങ്ങളുടെ സ്ഥിതിയാകട്ടെ നിലവിൽ പരിതാപകരമാണ്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ് നിരോധിത ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ നിലയിലാണ്. മഴക്കാലത്ത് ചോർന്ന് ഒലിക്കുമ്പോൾ വേനലിൽ കടുത്ത ചൂട് അനുഭവിക്കേണ്ട ഗതികേടിലാണ് ജീവനക്കാർ. എ.ടി.ഒ കാര്യാലയമാകട്ടെ ജീർണിച്ച നിലയിലാണ്. കാത്തിരിപ്പുകേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾപോലും ഇല്ല. പറവൂർ റോട്ടറി ക്ലബ് നിർമിച്ച ശൗചാലയം കാലപ്പഴക്കം മൂലം തകർച്ചയിലാണ്. ഈ അടുത്ത കാലത്ത് ഇതിെൻറ ഉൾഭാഗം ടൈലുകൾ വിരിച്ച് അൽപം മോടിപിടിപ്പിച്ചിട്ടുണ്ട്. യാത്രക്കാർ വളരെ വിരളമായി മാത്രമാണ് ശൗചാലയം ഉപയോഗിക്കുന്നത്. കണ്ടക്ടർമാർ, ഡ്രൈവർമാർ മറ്റ് ജീവനക്കാർ എന്നിവർക്ക് വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ സൗകര്യമില്ല. ദീർഘദൂര ബസ് സർവിസുകൾ സ്റ്റാൻഡിൽനിന്നും ഇല്ലാത്തതിനാൽ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം വളരെ കുറവാണ്.
ആലുവ-പറവൂർ, എറണാകുളം-ഗുരുവായൂർ സർവിസുകളാണ് പ്രധാനമായുള്ളത്. വ്യാപാര സമുച്ചയത്തിന് സാധ്യത ഉെണ്ടങ്കിലും തൊട്ടടുത്ത് സ്വകാര്യബസ് സ്റ്റാൻഡിൽ മുനിസിപ്പാലിറ്റി സ്ഥാപിച്ച മുറികളിലെ പകുതിയും ഒഴിഞ്ഞ് കിടക്കുന്നത് അധികൃതരെ ഇക്കാര്യത്തിൽ പിന്നോട്ടടിപ്പിക്കുന്നു. പുതിയ കെട്ടിടം നിർമിച്ച് എ.ടി.ഒ കാര്യാലയവും സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസും സ്ഥാപിച്ച് ഒരിടത്തുതന്നെ പ്രവർത്തിച്ചാൽ യാത്രക്കാർക്കും മറ്റും ഗുണകരമാകും. വർഷങ്ങളായി ഇവിടെ പ്രവർത്തിച്ചിരുന്ന കാൻറീൻ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. മൂന്ന് വർഷത്തിലധികമായി ഇതിെൻറ പ്രവർത്തനം നിലച്ചിട്ട്. ഇതുകൂടാതെ ചെറിയ കോഫി സ്റ്റാളും ഉണ്ടായിരുന്നു. എന്നാൽ, കോവിഡ് മഹാമാരിയിൽ അടച്ചുപൂട്ടി. വികസനത്തിന് ഒരുപാട് സാധ്യതകൾ ഉണ്ടെങ്കിലും കെ.എസ്.ആർ.ടി.സിയുടെ ഭാഗത്തുനിന്നുള്ള നിസ്സംഗത പിന്നോട്ടടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.