കുത്തകപ്പാട്ടം: പറവൂർ നഗരസഭക്ക് 24 ലക്ഷം രൂപയുടെ നഷ്ടമെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ
text_fieldsപറവൂർ: നഗരസഭയുടെ 2020-21 വർഷത്തെ കുത്തക ലേലം നൽകിയതിൽ വൻ ക്രമക്കേട്. ഇതുമൂലം കഴിഞ്ഞ വർഷം മാത്രം 24 ലക്ഷം രൂപയുടെ നഷ്ടം നഗരസഭക്കുണ്ടായതായി എൽ.ഡി.എഫ് ആരോപിച്ചു.
നഗരസഭയുടെ വ്യത്യസ്തങ്ങളായ കുത്തകകൾ ആകെ ലേലം ചെയ്തത് 57,17,996 രൂപക്കാണ്. എന്നാൽ, കാലാവധി അവസാനിച്ചിട്ടും 27, 93,321 രൂപ മാത്രമാണ് നഗരസഭക്ക് ലഭിച്ചത്. കഴിഞ്ഞവർഷം മാത്രം 23,74,675 രൂപ നഗരസഭക്ക് നഷ്ടപ്പെട്ടതായി കൗൺസിൽ യോഗത്തിൽ ആരോപിച്ചു. മുൻ വർഷങ്ങളിലും സമാനരീതിയിൽ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അവർ ആരോപിച്ചു. സസ്യചന്ത 8,20,000 രൂപക്ക് ലേലത്തിെനടുത്ത ആൾ 4,10, 050 രൂപയും 8,02,000 രൂപക്ക് ലേലംകൊണ്ട പെരുമ്പടന്ന മത്സ്യചന്തയിൽ നിന്നും 4, 29,000 രൂപയുമാണ് കാലാവധി തീർന്നിട്ടും നഗരസഭക്ക് ലഭിച്ചത്.
കുത്തകകൾ ലേലം ചെയ്തയാൾ മുഴുവൻ പണവും അടക്കുകയോ അല്ലെങ്കിൽ സോൾവൻസി സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ വേണം. എന്നാൽ, ഈ നടപടിക്രമം നഗരസഭ ഭരണാധികാരികളുടെ ഒത്താശയോടെ അട്ടിമറിച്ചതായാണ് ആക്ഷേപം. ഇതുമൂലം ലേലത്തുക കരാറുകാരൻ അടക്കാതിരുന്നാൽ നിയമപരമായി നഗരസഭക്ക് ഇവരുടെ പേരിൽ നടപടി സ്വീകരിക്കാനാകില്ല.
കാലാവധി കഴിഞ്ഞിട്ടും കുടിശ്ശിക വരുത്തിയവർക്ക് പണം പിരിക്കാൻ അവസരം നൽകുന്നതിൽ സ്വജനപക്ഷപാതമുണ്ടെന്നും ആക്ഷേപമുണ്ട്. ഈ വർഷത്തെ കുത്തകകളുടെ ലേലം രണ്ടുതവണ നിശ്ചയിച്ചിട്ടും നടക്കാതെ പോയി. തൊട്ടടുത്ത ദിവസം നടക്കുന്ന ലേല നടപടിയിൽ കുടിശ്ശികക്കാർക്ക് പങ്കെടുക്കാനാകാത്തതുകാരണം അവരുടെ ബന്ധുക്കളെ ഉപയോഗിച്ച് വീണ്ടും ഇവയെല്ലാം ലേലത്തിലെടുക്കാൻ ഭരണപക്ഷം ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ പറഞ്ഞു.
ഇത് ചർച്ച ചെയ്യേണ്ട കൗൺസിൽ യോഗത്തിൽനിന്ന് വൈസ് ചെയർമാൻ എം.ജെ. രാജു വിട്ടുനിന്നത് മറുപടി പറയാനില്ലാത്തതിനാലാണെന്നും പ്രതിപക്ഷം ആരോപിച്ചു. കൗൺസിൽ യോഗം ബഹിഷ്കരിച്ച എൽ.ഡി.എഫ് കൗൺസിലർമാരായ കെ.ജെ. ഷൈൻ, എൻ.ഐ. പൗലോസ്, ഇ.ജി. ശശി, എം.കെ. ബാനർജി, ജ്യോതി ദിനേശൻ, സി.എസ്. സജിത, ജയ ദേവാനന്ദൻ എന്നിവർ നഗരസഭ കവാടത്തിന് മുന്നിൽ ധർണ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.