ജീവിതം ബ്രേക്ഡൗണായത് നിരവധി തവണ; ബാലെൻറ അതിജീവന 'ഓട്ടം' തുടരുന്നു
text_fieldsപറവൂർ: അപകടങ്ങൾ തളർത്താത്ത മനക്കരുത്തുമായി ബാലൻ ജീവിക്കുന്നു, മറ്റുള്ളവർക്ക് പ്രചോദനമായി. പറവൂർ കിഴക്കേപ്രം എളവനപ്പാടം വീട്ടിൽ ബാലചന്ദ്രനെന്ന (55) മെക്കാനിക് ബാലെൻറ ഇതുവരെയുള്ള ജീവിതം ദുരന്തങ്ങളും അതിജീവനവും നിറഞ്ഞതാണ്.
36 വർഷം മുമ്പ് 20ാം വയസ്സിലാണ് ആദ്യമായി ജീവിതത്തിൽ വീണുപോയത്. വലിയ വാഹനങ്ങൾ നന്നാക്കുന്ന അമ്പലമുകളിലെ വർക്ഷോപ്പിലെ മെക്കാനിക്കായിരുന്നു. ഉടമ പറഞ്ഞതനുസരിച്ച് കരിക്കിടാൻ കയറി. എന്നാൽ, കരിക്കിനൊപ്പം ബാലനും നിലംപതിച്ചു. നട്ടെല്ലിന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. ദിവസങ്ങൾ പിന്നിട്ടപ്പോൾ എഴുന്നേറ്റ് നടക്കാനാകില്ലെന്ന് ഡോക്ടർമാർ വിധിച്ചു. വീട്ടുകാർ അലോപ്പതിയും ആയുർവേദവും മാറിമാറി പരീക്ഷിച്ചു. മരം വെട്ടുകാരനായിരുന്ന പിതാവിെൻറ വരുമാനത്തിലായിരുന്നു എല്ലാം.
കുടുംബത്തിലെ മൂത്ത ആൺതരിയായിരുന്നു ബാലചന്ദ്രൻ. താഴെ മൂന്ന് സഹോദരന്മാരും ഒരു സഹോദരിയും. ഭാരിച്ച ചികിത്സ ചെലവ് കുടുംബത്തെ ആകെ തളർത്തിയ സമയത്താണ് അടുത്ത ദുരന്തവാർത്തയെത്തിയത്. പിതാവും മരത്തിൽനിന്ന് വീണു കിടപ്പിലായി. ഇതിനിടെ ആയുർവേദ ചികിത്സകൊണ്ട് പിടിച്ച് നടക്കാമെന്ന സ്ഥിതിയിലെത്തി ബാലൻ.
ഇതോടെ അരഞ്ഞാണം, പാദസരം എന്നിവ വിളക്കുന്ന ജോലിയിൽ കുറെ നാളുകൾ കഴിച്ചുകൂട്ടി. പിന്നീട് പഠിച്ച തൊഴിലിലേക്കെത്തി. 12 വർഷമായി അറിയപ്പെടുന്ന ഓട്ടോ മെക്കാനിക്കാണ്. എന്നാൽ, വിധിയുടെ പരീക്ഷണങ്ങൾ അവസാനിച്ചില്ല. വർക്ഷോപ്പിൽവെച്ച് വീണ്ടും ബാലന് അപകടം സംഭവിച്ചു. ഓട്ടോ ബാലെൻറ കാലുകളിൽ ഇടിച്ചു കയറി. രണ്ട് മുട്ടുകാലും ഒടിഞ്ഞതിനെ തുടർന്ന് സ്റ്റീലിട്ടു.
ദുരന്തങ്ങൾ വേട്ടയാടുമ്പോഴും ഞായറാഴ്ച പോലും ഒഴിവെടുക്കാതെ ജോലി തുടരുകയാണ് ബാലൻ. എറണാകുളം, വൈപ്പിൻ, ചെറായി, കൊടുങ്ങല്ലൂർ തുടങ്ങിയ ദൂരസ്ഥലങ്ങളിൽനിന്നെല്ലാം വാഹനങ്ങളുമായി ആളുകളെത്തും. ഓട്ടോ വഴിയിൽ കേടായാൽ ഏത് പാതിരാത്രിയിലും 9496745467 നമ്പറിൽ വിളിച്ചാൽ മതി തെൻറ മുച്ചക്രവാഹനവുമായി ബാലനെത്തി നന്നാക്കി കൊടുക്കും. ഭാര്യ: ലൈല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.