തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പ്; എറണാകുളം ജില്ലയിൽ നാലിടത്തും യു.ഡി.എഫ്
text_fieldsപറവൂർ: ഏഴിക്കര പഞ്ചായത്ത് മൂന്നാം വാർഡിലും, വടക്കേക്കര പഞ്ചായത്ത് 11-ാം വാർഡിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് ഉജ്ജ്വല വിജയം.
എൽ.ഡി.എഫ് കോട്ടയായ വടക്കേക്കര മുറവൻതുരുത്ത് വാർഡ് നില നിർത്തിയപ്പോൾ ഏഴിക്കര വാടക്കുപുറം വാർഡ് എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തു. ഏഴിക്കരയിലെ പരാജയം എൽ.ഡി.എഫിന് കനത്ത തിരിച്ചടിയായി. വടക്കേക്കരയിൽ യു.ഡി.എഫിന്റെ നിഖിത ജോബി 228 വോട്ടിന്റെയും ഏഴിക്കരയിൽ ടി.പി. സോമൻ 62 വോട്ടിന്റെയും ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫ് ഭരിക്കുന്ന ഏഴിക്കരയെയോ എൽ.ഡി. എഫ് ഭരിക്കുന്ന വടക്കേക്കരയെയോ ബാധിക്കില്ല.
ഏഴിക്കര പഞ്ചായത്ത് മൂന്നാം വാർഡിൽ ആകെ പോൾ ചെയ്ത 976 വോട്ടിൽ 508 വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർഥിയായ ടി.പി. സോമന് ലഭിച്ചു. മുഖ്യ എതിരാളിയായ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. എം.എസ്. നവനീതിന് 446 വോട്ട് കിട്ടി. എൻ.ഡി.എ സ്ഥാനാർഥി കെ.എ. അജേഷ് കാട്ടേത്തിന് 22 വോട്ട് മാത്രമാണ് ലഭിച്ചത്. ഇവിടെ വാർഡ് അംഗമായിരുന്ന സി.പി.എമ്മിലെ കെ.എം. അനൂപ് വിദേശത്തേക്ക് പോയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആകെയുള്ള 14 സീറ്റിൽ യു.ഡി.എഫ് - ഒമ്പത്, എൽ.ഡി.എഫ് -അഞ്ച് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
വടക്കേക്കര പഞ്ചായത്ത് പതിനൊന്നാം വാർഡ് മുറവൻതുരുത്തിൽ വാശിയേറിയ മത്സരമാണ് അരങ്ങേറിയത്. ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി നിഖിത ജോബിക്ക് 740 വോട്ട് കിട്ടിയപ്പോൾ എതിർ സ്ഥാനാർഥി എൽ.ഡി.എഫിലെ കെ.എസ്. സുനിക്ക് 512 വോട്ട് ലഭിച്ചു. എൻ.ഡി.എ യിലെ ഐ.ബി. കൃഷ്ണകുമാർ 13 വോട്ട് നേടി ദയനീയമായി പരാജയപ്പെട്ടു. ആകെ 1265 വോട്ടുകളാണ് പോൾ ചെയ്തത്. നിഖിതയുടെ പിതാവ് ജോബി പ്രതിനിധികരിച്ചിരുന്ന വാർഡിൽ അദ്ദേഹത്തിന്റെ മരണത്തെ തുടർന്നാണ് ഉപ തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. 20 വാർഡിൽ എൽ.ഡി.എഫ് -10, യു.ഡി.എഫ് -എട്ട്, എൻ.ഡി.എ -രണ്ട് എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. കഴിഞ്ഞ തവണത്തെക്കാൾ 126 വോട്ട് യു.ഡി.എഫും 55 വോട്ട് എൽ.ഡി.എഫും അധികം നേടി. 176 വോട്ട് ഉണ്ടായിരുന്ന എൻ.ഡി.എ ഇത്തവണ 13ൽ ഒതുങ്ങി. കഴിഞ്ഞ തവണ 157 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് പി.ജെ. ജോബി ജയിച്ചത്. ഏഴിക്കരയിലും വടക്കേക്കരയും തകർപ്പൻ വിജയം നേടിയതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.
അങ്കമാലി: മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ (കോക്കുന്ന്) നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ സിനി മാത്തച്ചൻ 268 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽ.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച സിസിമോൾ റിജോയെയാണ് പരാജയപ്പെടുത്തിയത്. സിനിക്ക് 584 വോട്ടും സിസിക്ക് 316 വോട്ടുമാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനാർഥി സി.എസ്. സുനിതക്ക് 17 വോട്ട് മാത്രമാണ് നേടാനായത്.
2020ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി വിജയിച്ച രേഷ്മ വര്‍ഗീസ് ജോലിയാവശ്യാർഥം വിദേശത്തേക്ക് പോയതാണ് തെരഞ്ഞെടുപ്പിന് ഇടയാക്കിയത്. അന്ന് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന സിനി മാത്തച്ചനെ 194 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഷ്മ പരാജയപ്പെടുത്തിയത്. ഇടതുപക്ഷ സ്ഥാനാർഥി മഞ്ജു വര്‍ഗീസ് മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ എൽ.ഡി.എഫ് സ്വതന്ത്രയെയാണ് സ്ഥാനാർഥിയാക്കിയതെങ്കിലും പരാജയപ്പെട്ടു. വാർഡിൽ ആകെ വോട്ടര്‍മാര്‍ 1136. പോള്‍ ചെയ്തത് 917.
ചെറായി: പള്ളിപ്പുറം പഞ്ചായത്ത് പത്താം വാർഡ് എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. 72 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി ദീപ്തി പ്രൈജു, ബന്ധുകൂടിയായ എൽ.ഡി.എഫിലെ രേഷ്മാ നിമലിനെ തോൽപ്പിച്ചത്. ആം ആദ്മിയുടെ സ്ഥാനാർഥി ജാസ്മി രാമചന്ദ്രൻ 56 വോട്ട് നേടി. ചരിത്രത്തിൽ ഒരിക്കൽ മാത്രമാണ് ഇതിന് മുമ്പ് യു.ഡി.എഫ് വിജയിച്ചിട്ടുള്ളത്.
പൊതു തെരഞ്ഞെടുപ്പിൽ ഈ വാർഡിൽനിന്ന് ബി.ജെ.പി 165 വോട്ട് നേടിയിരുന്നെങ്കിലും ഇത്തവണ സ്ഥാനാർഥിയെ നിർത്തിയില്ല. എൽ.ഡി.എഫിലെ അജിത ശശാങ്കന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് പ്രവർത്തകർ ചെറായിയിൽ ആഹ്ലാദ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.