സി.പി.എം നേതാവ് ഉൾപ്പെടെ നിരവധി പേർ സി.പി.ഐയിൽ ചേർന്നു
text_fieldsപറവൂർ: സി.പി.എം പറവൂർ ഏരിയ നേതൃത്വത്തിനെ ഞെട്ടിച്ച് സി.പി.എം മുൻ ഏരിയ കമ്മിറ്റി അംഗവും മുൻ മന്ത്രിയുടെ വിശ്വസ്തനുമായിരുന്ന രാജീവ് സി.പി.ഐയിൽ ചേർന്നു. ഏതാനും നാളായി തുടരുന്ന പടലപ്പിണക്കവും ഏകാധിപത്യവും സി.പി.എം ഏരിയ കമ്മിറ്റിയിൽ തുടരുന്നതിനിടെയാണ് പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് രാജീവ് സി.പി.ഐയിൽ അംഗത്വമെടുത്തത്.
രാജീവിന് പുറമേ സി.ഐ.ടി.യു ഏരിയ ട്രഷറർ സി.ആർ. ബാബു, ചുമട്ടുതൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) മാർക്കറ്റ് യൂനിയൻ സെക്രട്ടറി പി.എ. ജോൺസൺ തുടങ്ങിയ പ്രമുഖരും സി.പി.ഐയിൽ ചേർന്നു. കൂടാതെ വിവിധ പാർട്ടികളിൽ നേതൃ നിരയിൽ ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന 25ൽ പരം പ്രവർത്തകരും സി.പി.ഐയിൽ അംഗത്വമെടുത്തിട്ടുണ്ട്.
രാജീവ് സി.പി.ഐയിൽ ചേർന്നത് സി.പി.എമ്മിലും പുറത്തും ഏറെ ചർച്ചക്ക് തുടക്കം കുറിക്കുമെന്ന് ഉറപ്പാണ്. എസ്.എഫ്.ഐയിലൂടെ പൊതുരംഗത്ത് സജീവമായ രാജീവ് ഡി.വൈ.എഫ്.ഐയുടെ പറവൂർ ബ്ലോക്ക് സെക്രട്ടറി, പ്രസിഡൻറ്, ജില്ല വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.
2015ൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുത്തു. സി.പി.എം ഏരിയ കമ്മിറ്റി അംഗം, മത്സ്യതൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന രാജീവ്, കഴിഞ്ഞ പിണറായി സർക്കാറിന്റെ കാലത്ത് മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായിരുന്നു.
മുൻമന്ത്രി എസ്. ശർമയുടെ വിശ്വസ്തരിൽ പ്രമുഖനായിരുന്ന രാജീവിന്റെ പാർട്ടി മാറ്റം പറവൂർ മേഖലയിൽ കനത്ത പ്രഹരമായിരിക്കും ഉണ്ടാക്കുക.
ചെത്തുതൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി ഓഫിസിൽ നടന്ന ചടങ്ങിൽ സി.പി.ഐ ജില്ല സെക്രട്ടറി കെ.എം. ദിനകരൻ, രാജീവിന് പതാക കൈമാറി. സി.പി.ഐ കമ്മിറ്റി അംഗം കെ.ബി. അറുമുഖൻ അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടീവ് അംഗം ഡിവിൻ കെ. ദിനകരൻ, കെ.പി. വിശ്വനാഥൻ, എം.ആർ. ശോഭനൻ, കെ.എ. സുധി, ടി.എം. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.