വിടവാങ്ങിയത് പറവൂരിന്റെ സ്വന്തം അലി വക്കീൽ
text_fieldsപറവൂർ: വിടവാങ്ങിയത് അരനൂറ്റാണ്ടിലേറെ പറവൂരിന്റെ നിറസാന്നിധ്യമായിരുന്ന, നാട്ടുകാർ ആദരവോടെ അലി വക്കീൽ എന്ന് വിളിക്കുന്ന എൻ.എ. അലി. രാഷ്ടീയ നേതാവ്, അഭിഭാഷകൻ, ട്രേഡ് യൂനിയൻ നേതാവ് എന്നീ നിലകളിൽ സജീവമായിരുന്നു. മൂന്നുവട്ടം പറവൂർ നഗരസഭ ചെയർമാനായിരുന്നു. കുറച്ചുനാളായി വിശ്രമജീവിതം നയിക്കുകയായിരുന്നു.
കമ്യൂണിസ്റ്റ്, നിയമജ്ഞൻ, തൊഴിലാളിവർഗ മുന്നണിപ്പോരാളി എന്നീ നിലകളിൽ അലി നടത്തിയ ഇടപെടലുകൾ എന്നും ജനങ്ങളുടെ ഓർമയിലുണ്ടാകും.
1942 ജനുവരി 19ന് വള്ളുവള്ളി നടുവിലപറമ്പിൽ അബ്ദുറഹ്മാന്റെയും ഖദീജയുടെയും രണ്ടാമത്തെ മകനായി ജനിച്ച അലിയുടെ വിദ്യാഭ്യാസം പറവൂർ ബോയ്സ് ഹൈസ്കൂൾ, എറണാകുളം സെന്റ് ആൽബർട്സ് കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു. വിദ്യാർഥിയായിരിക്കെത്തന്നെ ഇടതുപക്ഷ പ്രസ്ഥാനത്തോടായിരുന്നു ചായ്വ്. സെന്റ് ആൽബർട്സ് കോളജ് യൂനിയൻ ചെയർമാനായിരുന്നു. ലോ കോളജിൽ പഠിക്കുന്ന കാലത്ത് വിദ്യാർഥി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറായിരുന്നു.
1970ൽ അദ്ദേഹം പറവൂർ കോടതിയിൽ അഭിഭാഷകനായി പ്രക്ടീസ് ആരംഭിച്ചു. പാർട്ടി പ്രവർത്തനത്തിന് സമയം കണ്ടെത്തിയ അലി സി.പി.എം ഏരിയ കമ്മിറ്റിയംഗമായി ദീർഘകാലം പ്രവർത്തിച്ചു.
കർഷകസംഘം ജില്ല കമ്മിറ്റിയംഗമായിരുന്നു. 1988ൽ പറവൂർ നഗരസഭ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട അലി പിന്നീട് രണ്ടുവട്ടംകൂടി ചെയർമാനായി. 13 വർഷം സ്ഥാനത്ത് തുടർന്നു. ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. കൊച്ചി യൂനിവേഴ്സിറ്റി, എം.ജി യൂനിവേഴ്സിറ്റി എന്നിവയുടെ സെനറ്റ് അംഗമായി പ്രവർത്തിച്ചു. ഏക മകൻ അഡ്വ. അംജത്ത് അലിയുടെ വിയോഗത്തോടെ അഭിഭാഷക രംഗത്തും പൊതുരംഗത്തും സജീവത കുറച്ചു.
അഭിഭാഷകവൃത്തിയിൽ അരനൂറ്റാണ്ട് തികച്ചതിനോടനുബന്ധിച്ച് ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ പറവൂർ റെസ്റ്റ് ഹൗസിൽ ‘സ്നേഹാദരം’ ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.