ദേശീയപാത നിർമാണം; ചളിക്കുണ്ടായി വടക്കേക്കര അടിപ്പാത
text_fieldsപറവൂർ: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി വടക്കേക്കര പഴയ ദേശീയപാത പാലത്തിന് സമീപം അടിപ്പാതയിൽ ചളിയും വെള്ളക്കെട്ടും.
വടക്കേക്കര ഗ്രാമ പഞ്ചായത്ത് 12ാം വാർഡിലെ ഓണത്തുക്കാട് പഴയ ദേശീയ പാത പാലത്തിന് സമീപം അടിപ്പാതയിൽ 17 കുടുംബങ്ങൾ ദുരിതത്തിലായിട്ട് ദിവസങ്ങളായി.
ഇതുവഴി കാൽനട പോലും ദുസ്സഹമായിരിക്കുകയാണ്. സഞ്ചാര പാത ചളിക്കുണ്ടായതോടെ ബദൽ മാർഗമില്ലാതെ വിദ്യാർഥികളും പ്രായമായവരും ഉൾപ്പെടെയുള്ളവർ ദുരിതത്തിലാണ്. സർവിസ് റോഡിൽ യാത്രക്ക് ബദൽ സംവിധാനമൊരുക്കാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സൈക്കിളും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെ ഒരു വാഹനത്തിനും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.
അടിപ്പാത ചളിക്കുണ്ടായിട്ടും നിർമാണ കമ്പനിയുടെ ടിപ്പർ ലോറികൾ ഉൾപ്പടെ സാധന സാമഗ്രികളുമായി കടന്നുപോകുന്നത് കൂടുതൽ പ്രയാസമുണ്ടാക്കുന്നു. റോഡ് നിർമാണത്തിനായി നിരത്തിയിരിക്കുന്ന ഗ്രാവലിന് മുകളിലൂടെ കയറിയാണ് നാട്ടുകാർ നടന്നുപോകുന്നത്. ചളിയും വെള്ളവും നീക്കി നാട്ടുകാർക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന് വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ടി.കെ. ഷാരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.