നവകേരള സദസ്സ്; പറവൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ചു
text_fieldsപറവൂർ: നവകേരള സദസ്സ് വേദി നിർമാണത്തിന്റെയും മറ്റ് ക്രമീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായി പറവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മതിൽ പൊളിച്ചുനീക്കിയത്.
ശതോത്തര ജൂബിലി ആഘോഷിക്കുന്ന സ്കൂളിന്റെ മതിൽ പൊളിക്കുന്നതിൽ എതിർപ്പ് രേഖപ്പെടുത്തി നഗരസഭ ചെയർപേഴ്സൻ ബീന ശശിധരൻ 25ന് തഹസിൽദാർക്ക് കത്ത് നൽകിയിരുന്നു.
നഗരസഭാ കൗൺസിലിന്റെ അനുമതിയോടെ മാത്രമേ പൊളിക്കാവൂ എന്നായിരുന്നു കത്തിലെ സൂചന. ഇക്കാര്യത്തിൽ ഒരു പ്രതികരണവും ഔദ്യോഗികമായി നൽകിയില്ല.
എന്നാൽ, ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് മതിൽ പൊളിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊളിച്ചത്. ഏകദേശം 15,000 പേർ പങ്കെടുക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനം ഗ്രൗണ്ടിലേക്ക് കടക്കാൻ സ്കൂളിന്റെ പടിഞ്ഞാറുഭാഗത്തെ മതിൽ അഞ്ചുമീറ്റർ നീളത്തിലാണ് പൊളിച്ചത്.
പടർന്ന് പന്തലിച്ച് തണൽ നൽകുന്ന പുളിമരത്തിന്റെ ശിഖരങ്ങളും വെട്ടിമാറ്റി. പാലമരം, ആര്യവേപ്പ്, മാവ്, രണ്ട് പാഴ്മരങ്ങൾ എന്നിവയും വെട്ടി നീക്കിയിട്ടുണ്ട്. പടിഞ്ഞാറുഭാഗത്തെ മതിലിനോട് ചേർന്ന കുട്ടികളുടെ സൈക്കിൾ സ്റ്റാൻഡ് പൊളിക്കാൻ നഗരസഭ സെക്രട്ടറി ഒരാഴ്ച മുമ്പ് ക്വട്ടേഷൻ ക്ഷണിച്ചിരുന്നു. എന്നാൽ, ഇത് മാറ്റിയിട്ടില്ല.
അതേസമയം, മതിൽ പൊളിച്ചതിൽ നഗരസഭ പ്രതിഷേധവുമായി രംഗത്തെത്തി. ചെയർപേഴ്സൻ ബീന ശശിധരൻ രാത്രിതന്നെ നേരിട്ടെത്തി പൊലീസിൽ പരാതി നൽകി. പൊളിക്കാൻ നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. മണ്ണുമാന്തി യന്ത്രവും ഡ്രൈവറെയും കസ്റ്റഡിയിൽ എടുക്കണമെന്നും ആവശ്യപ്പെട്ടു. വൈസ് ചെയർമാൻ എം.ജെ. രാജു, സ്ഥിരം സമിതി അധ്യക്ഷൻ സജി നമ്പ്യത്ത്, മുൻ ചെയർമാൻ ഡി. രാജ്കുമാർ, കൗൺസിലർ ടി.എച്ച്. ജഹാംഗീർ എന്നിവർ ചെയർപേഴ്സനോടൊപ്പം സ്റ്റേഷനിൽ എത്തി പൊലീസ് ഇൻസ്പെക്ടർ ഷോജോ വർഗീസിനെ നേരിൽ കണ്ടാണ് പരാതി നൽകിയത്.
രാഷ്ട്രപതിയായിരിക്കെ എ.പി.ജെ അബ്ദുൽ കലാം സ്കൂൾ ഗ്രൗണ്ടിൽ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയകാലത്ത് ഹെലികോപ്ടറിൽ പറവൂരിൽ ഇറക്കിയതും ഇതേ സ്കൂൾ ഗ്രൗണ്ടിലാണ്. അന്നൊന്നും ഇല്ലാത്തവിധം മതിൽ പൊളിച്ച് വാഹനം കയറ്റുന്നതിനെ എതിർക്കുന്നവർ നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.