നെഹ്റുട്രോഫി വള്ളംകളി ഈ മാസം നടത്തണം; തീരുമാനം കടുപ്പിച്ച് ക്ലബുകൾ
text_fieldsആലപ്പുഴ: വയനാട് ദുരന്തപശ്ചാത്തലത്തിൽ മാറ്റിവെച്ച നെഹ്റുട്രോഫി വള്ളംകളി ഈ മാസം അവസാനം നടത്തണമെന്ന് നെഹ്റു ട്രോഫിയിൽ പങ്കെടുക്കുന്ന വളളങ്ങളുടെയും ക്ലബുകളുടെയും കൂട്ടായ്മയായ കേരള ബോട്ട് അസോസിയേഷൻ. പ്രതിസന്ധി ചർച്ചചെയ്യാൻ ആലപ്പുഴ ചടയംമുറി ഹാളിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. നിലവിൽ വലിയപ്രതിസന്ധിയിലൂടെയാണ് മേഖല മുന്നോട്ടുപോകുന്നത്. വയനാട് ദുരന്തത്തിന് പിന്നാലെയാണ് ആഗസ്റ്റ് 10ന് നിശ്ചയിച്ച വള്ളംകളി മാറ്റിയത്.
ദുരന്തത്തിന് ഇരയാവരുടെ ദുഃഖവും വേദനയും തിരിച്ചറിഞ്ഞ് ജലോത്സവം മാറ്റാനുള്ള നിർദേശം അംഗീകരിക്കുന്നുവെങ്കിലും ബോട്ട് ക്ലബുകളും ജലകായികതാരങ്ങളും അനുഭവിക്കുന്ന കടുത്തപ്രയാസങ്ങളും സാമ്പത്തികബാധ്യതയും ചെറുതല്ല. അതിനാൽ ആഗസ്റ്റ് അവസാനം വള്ളംകളി നടത്താൻ സർക്കാറിനോട് അഭ്യർഥിക്കും. 2018 മുതൽ പ്രളയസമാനസാഹചര്യം നിലനിൽക്കുന്ന ആഗസ്റ്റ് മാസം വള്ളംകളിക്ക് അനുയോജ്യമല്ല. ഇത് കണക്കിലെടുത്ത് അടുത്തവർഷം മുതൽ സെപ്റ്റംബറിലേക്ക് മത്സരം മാറ്റണം.
ഇനി മുതൽ ആഗസ്റ്റിൽ മത്സരം നടത്തിയാൽ പങ്കെടുക്കില്ല. കാലാവസ്ഥ പ്രതികൂലമായതിനാൽ ആറ് തവണയാണ് വള്ളംകളി മാറ്റിവെച്ചത്. ഇക്കാര്യവും സർക്കാറിനെ അറിയിക്കും. വൻതുക ചെലവഴിച്ച് ജൂലൈ ആദ്യവാരം മുതൽ ക്യാമ്പുകൾ സജ്ജീകരിച്ച വിവിധ ക്ലബുകൾ ചെലവഴിച്ച പണത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകണം. മാറ്റിവെച്ച സാഹചര്യത്തിൽ പുതിയ തീയതി തീരുമാനിക്കാൻ ചൊവ്വാഴ്ച എൻ.ടി.ബി.ആർ യോഗം ചേരും. ഈ യോഗത്തിൽ ബോട്ട് ക്ലബ് അസോസിയേഷൻ തീരുമാനം അറിയിക്കും.
പ്രസിഡന്റ് ജയിംസ് കുട്ടി ജേക്കബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.എം. ഇക്ബാൽ, കെ.എ. പ്രമോദ്, അഷ്റഫ് കുമ്മനം, തങ്കച്ചൻ പാട്ടത്തിൽ, മുരളി അജയഘോഷ്, അമ്പിളി എന്നിവർ സംസാരിച്ചു. നെഹ്റു ട്രോഫിയിൽ പങ്കെടുക്കുന്ന വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് സജിമോൻ, ജയപ്രസാദ്, ജോബിൻ, അരുൺ, അവിൽ, സജു സെബാസ്റ്റ്യൻ, ജേക്ക് ജോർജ്, അശ്വന്ത്, വിജിത്, ജോബി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.