നവജാതശിശുവിെൻറ മരണം: ബന്ധുക്കൾ പരാതി നൽകി
text_fieldsപറവൂർ: നവജാതശിശു മരിച്ച സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ റൂറൽ എസ്.പിക്ക് പരാതി നൽകി. പറവൂർ ചൈതന്യ നഴ്സിങ് ഹോമിലെ ഡോക്ടറുടെയും ആശുപത്രി ജീവനക്കാരുടെയും അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ശിശുവിെൻറ മാതൃ പിതാവ് പുത്തൻവേലിക്കര മാളിയേക്കൽ എം.ആർ. ശോഭനൻ ആലുവ എസ്.പിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നു. മകൾ ആതിരയെ ഏപ്രിൽ നാലിനാണ് പ്രസവ സംബന്ധമായി പറവൂർ ചൈതന്യ നഴ്സിങ് ഹോമിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം രാവിലെ പത്ത് മണിയോടെ സ്കാൻ ചെയ്യുകയും ഉടനെ ലേബർ റൂമിൽ കയറ്റുകയും ചെയ്തു.
11.57ന് ആതിരക്ക് ആൺകുഞ്ഞ് പിറന്നു. പൊക്കിൾകൊടി ചുറ്റി കിടന്നതിനാലാണ് ഓപറേഷൻ വേണ്ടി വന്നതെന്നും ഡോക്ടർ അറിയിച്ചതായി ആതിരയുടെ അമ്മ പറഞ്ഞു. പ്രസവിച്ച് രണ്ടാം ദിവസം രാവിലെ കുഞ്ഞിന് പാൽ കൊടുത്തതിന് ശേഷം ഡോക്ടറുടെ നിർദേശപ്രകാരം നഴ്സ് ലേബർ റൂമിലേക്ക് കൊണ്ടുപോയി.
ഏതാനും സമയത്തിന് ശേഷം രക്ഷിതാക്കളെ ഡോക്ടർ ഫോണിൽ വിളിച്ച് കുട്ടിയെ വേഗം എറണാകുളം ലിസി ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന് അറിയിച്ചു. ഇതനുസരിച്ച് നഴ്സ് കുഞ്ഞിനെയും രക്ഷിതാക്കളെയും കൂട്ടി ആംബുലൻസിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു. പിന്നീട് ഡോക്ടറുടെ നിർദേശപ്രകാരം പലാരിവട്ടം മെഡിക്കൽ സെൻററിൽ എത്തിച്ചു. ഈ സമയം കുട്ടിയുടെ കൈവിരലിൽനിന്ന് രക്തം വരുന്നുണ്ടായിരുന്നതായും നഴ്സ് പഞ്ഞി കൂട്ടിയാണ് കുട്ടിയെ പിടിച്ചിരുന്നതെന്നും ഇവരോടൊപ്പമുണ്ടായിരുന്ന സഹോദരി പറയുന്നു.
കുട്ടിക്ക് എന്താണ് പ്രശ്നമെന്ന് ഡോക്ടറോ നഴ്സോ രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല. മെഡിക്കൽ സെൻററിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ അന്ന് രാത്രി 12 ഓടെ കുട്ടി മരണപ്പെടുകയായിരുന്നു.
48 മണിക്കൂറിനുള്ളിൽ കുട്ടിയെ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നെന്ന് അവിടത്തെ ഡോക്ടർമാർ അറിയിച്ചു. ചൈതന്യ നഴ്സിങ് ഹോമിൽനിന്നുണ്ടായ അനാസ്ഥയാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് ബന്ധുക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.