പറവൂരിലും ഏഴിക്കരയിലും ഒമ്പതുപേർക്ക് തെരുവുനായയുടെ കടിയേറ്റു
text_fieldsപറവൂർ: നഗരസഭയിലും ഏഴിക്കരയിലുമായി ഒമ്പത് പേർക്ക് തെരുവുനായയുടെ കടിയേറ്റതോടെ ജനങ്ങൾ ഭീതിയിൽ. വെള്ളിയാഴ്ച രാവിലെ പെരുവാരം -കിഴേക്കേപ്രം മേഖലയിൽ നന്തികുളങ്ങര സ്വദേശി സുബ്രഹ്മണ്യൻ, തമിഴ്നാട് സ്വദേശി കുമാരസ്വാമി, ഡിഗ്രി വിദ്യാർഥിനി കൃഷ്ണപ്രിയ, റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ രവി എന്നിവർക്കാണ് കടിയേറ്റത്. കുമാരസ്വാമിയെ ഒരു വട്ടം കടിച്ച ശേഷം പിൻമാറിയ നായ് വീണ്ടും വന്നു കടിക്കുകയായിരുന്നു.
ഏഴിക്കരയിൽ ആശുപത്രിപ്പടി മുതൽ ആയപ്പിള്ളിപ്പടി വരെ ഭാഗത്തായിരുന്നു നായയുടെ ആക്രമണം. ആശുപത്രിപ്പടി ഭാഗത്ത് വെച്ച് സുലൈമാൻ, സുറുമിന എന്നിവരെയും ആയപ്പിള്ളിപടിയിൽ വെച്ച് ഷീമോൾ ബാബു തളിയപ്പുറത്ത്, ആഗ്നസ് മാമ്പിള്ളി എന്നിവരെയും കടിച്ചു. ഇടിമൂല കവലയിൽ നിന്നാണ് മുകുന്ദൻ പുല്ലേലിന് കടിയേറ്റത്.
ഏഴിക്കരയിൽ ആക്രമണം നടത്തിയ നായയുടെ കഴുത്തിൽ ബെൽറ്റ് ഉണ്ടായിരുന്നതിനാൽ ഇത് ഉപേക്ഷിക്കപ്പെട്ട വളർത്തുനായ ആണെന്നാണ് നിഗമനം. പറവൂർ നഗരസഭയിൽ വന്ധ്യംകരണം നിലച്ചിട്ട് വർഷങ്ങളായി. ആഴ്ചകൾക്ക് മുമ്പ് ചേന്ദമംഗലം ഗോതുരുത്തിൽ ആറ് തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിക്കാൻ വരുന്നതു കണ്ടു ഭയന്ന് സൈക്കിളിൽനിന്ന് വീണ് യുവാവിന് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.