വകുപ്പുകളുടെ ഏകോപനമില്ല; കോട്ടുവള്ളി-ചെമ്മായം പാലം പുനർനിർമാണം നീളുന്നു
text_fieldsപറവൂർ: കോട്ടുവള്ളി-ചെമ്മായം പാലം പുനർനിർമാണം നീളുന്നത് പൊതുമരാമത്ത്, റവന്യൂ വകുപ്പുകളടക്കമുള്ളവ തമ്മിലുള്ള ഏകോപനമില്ലായ്മ കാരണമെന്ന് വിമർശനം.പ്രളയത്തിൽ തൂണുകൾ തകർന്നതിനാൽ ഇതുവഴി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പാലം പണിക്കും സ്ഥലം ഏറ്റെടുക്കാനുള്ള സർവേക്കും സർക്കാർ ഫണ്ട് അനുവദിച്ചിട്ട് നാളുകളായി. എന്നാൽ, ബന്ധപ്പെട്ട വകുപ്പുകൾ ശുഷ്കാന്തി കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
മൂന്നുവർഷം പിന്നിട്ടിട്ടും പാലത്തിന് സ്ഥലം കണ്ടെത്താനുള്ള സർവേ നടപടി കഴിഞ്ഞ ദിവസമാണ് നടത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ഇടപെടൽ മൂലം റവന്യൂ മന്ത്രി കെ. രാജൻ കർശന നിർദേശം നൽകിയതിനെത്തുടർന്നാണ് സ്ഥലമെടുപ്പ് തഹസിൽദാർ അടക്കമുള്ളവർ കഴിഞ്ഞയാഴ്ച സർവേക്കായി എത്തിയത്.ഒന്നരവർഷം മുമ്പ് പാലത്തിനായി മണ്ണ് പരിശോധന നടത്തിയിരുന്നു. എന്നാൽ, നടപടി പൂർത്തിയാക്കി പാലം യാഥാർഥ്യമാകാൻ ഏറെക്കാലം കാത്തിരിക്കേണ്ടിവരും.
2020 ഫെബ്രുവരിയിൽ പാലത്തിലൂടെയുള്ള കാൽനട യാത്രയടക്കം പൊതുമരാമത്ത് വകുപ്പ് നിരോധിച്ചെങ്കിലും വിദ്യാർഥികൾ അടക്കമുള്ളവർ പാലത്തിലൂടെയാണ് സഞ്ചരിച്ചിരുന്നത്. ഈയിടെ പാലം അടച്ചുകെട്ടി. രണ്ടുപതിറ്റാണ്ട് മുമ്പ് ജോർജ് ഈഡൻ എം.പിയായിരിക്കെയാണ് ഇവിടെ പാലം നിർമിച്ചത്. പ്രളയത്തിൽ പാലത്തിന് ബലക്ഷയമുണ്ടായതിനാൽ പുതിയ വീതികൂടിയ പാലം വേണമെന്ന ആവശ്യമുയർന്നു. 2020-21 വർഷത്തെ ബജറ്റിൽ 17.42 കോടി പാലത്തിനായി അനുവദിച്ചു.
ആറുമാസത്തോളം വൈകിയാണ് ഭരണാനുമതി കിട്ടിയത്. സ്ഥലം ഏറ്റെടുക്കാനുള്ള സർവേ നടപടിക്കായി 3.76 ലക്ഷം അനുവദിച്ചെങ്കിലും റവന്യൂ ഉദ്യോഗസ്ഥർ എത്തിയതുപോലുമില്ല.മന്ത്രി ഇടപെട്ടതിന് ശേഷമാണ് സ്ഥലമെടുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
കഴിഞ്ഞമാസം അഞ്ചിന് താലൂക്ക് വികസന സമിതി യോഗത്തിൽ ലാൻഡ് അക്വിസിഷൻ അടിയന്തരമായി നടത്തണമെന്ന് ജില്ല പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ ആവശ്യമുന്നയിച്ചു. ഇതിനായി അദ്ദേഹം നേരത്തേ കത്ത് നൽകിയിരുന്നു. ഉടനെ തുടങ്ങുമെന്ന് അറിയിച്ചിട്ടും ഉദ്യോഗസ്ഥർ അനങ്ങിയില്ല. മാധ്യമ വാർത്തകളും മന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്‍റെ ഇടപെടലും ഉണ്ടായതോടെയാണ് ഉദ്യോസ്ഥരുടെ മനംമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.