സുരക്ഷ സംവിധാനങ്ങളില്ല; അപകടക്കെണിയായി അത്താണി-പറവൂർ റോഡ്
text_fieldsചെങ്ങമനാട്: അത്താണി-പറവൂർ റോഡിൽ സുരക്ഷ സംവിധാനങ്ങളുടെ അഭാവംമൂലം അപകടം പതിവായി മാറുന്നു. റോഡരികിലെ അപകടാവസ്ഥമൂലം അപകടങ്ങളുണ്ടാകുന്നത് നിത്യമാണെങ്കിലും അധികൃതർ നിസ്സംഗത പുലർത്തുന്നുവെന്നാണ് ആക്ഷേപം. ജൽജീവൻ പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കാൻ എടുത്ത കുഴികൾ മൂടുന്നതിലെ അശാസ്ത്രീയതമൂലം മാസങ്ങളായി പലയിടത്തും റോഡ് കുണ്ടുംകുഴിയുമായി കിടക്കുകയാണ്.
തിരക്കേറിയ റോഡിന്റെ വശങ്ങളിൽ തെന്നിമറിയുംവിധം ചരൽ നിറഞ്ഞിരിക്കുന്നതും ഭാരവാഹനങ്ങൾ കയറിയിറങ്ങി ചരൽ റോഡിലേക്ക് വ്യാപിക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നു. കൂടാതെ അനധികൃത പാർക്കിങ്ങും അപകടം വരുത്തുന്നുണ്ട്.
ചെങ്ങമനാട്, കുന്നുകര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ ചുങ്കം വളവിലും പെട്രോൾ ബങ്കിനും സമീപത്താണ് ചരൽ നിറഞ്ഞിരിക്കുന്നത്. പെട്രോൾ ബങ്കിന് സമീപം വ്യാഴാഴ്ച വൈകീട്ട് ഇത്തരത്തിൽ കുമിഞ്ഞുകൂടിയ ചരലിൽ സ്കൂട്ടർ തെന്നി നിയന്ത്രണംവിട്ടതോടെ ഭർത്താവിനും മകനുമൊപ്പം സഞ്ചരിച്ച ചെങ്ങമനാട് സ്വദേശിനി സിജി ബൈജു, സമാന്തരമായി സഞ്ചരിച്ച മിനിലോറി തട്ടി റോഡിൽ വീഴുകയും അതേ ലോറി കയറി അതിദാരുണമായി മരണപ്പെടുകയുമായിരുന്നു.
റോഡരികിൽ കുമിഞ്ഞുകൂടുന്ന ചരലും മണ്ണും മറ്റ് തടസ്സങ്ങളും യഥാസമയം നീക്കുകയോ അപകടരഹിത സുരക്ഷ സംവിധാനം ഒരുക്കുകയോ ചെയ്തിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.