ജനപ്രതിനിധികളെ അറിയിക്കാതെ ദേശീയപാത നിർമാണം തുടങ്ങി; ഇടഞ്ഞ് എം.പിയും എം.എൽ.എയും
text_fieldsപറവൂർ: ദേശീയപാത 66ൽ മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ ആറുവരിപ്പാത നിർമാണം നിർമാണക്കമ്പനി ജനപ്രതിനിധികളെ അറിയിക്കാതെ തുടങ്ങിയതിനെതിരെ വൻ പ്രതിഷേധം.
എം.പി മുതൽ പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവരെയും രാഷ്ട്രീയ പാർട്ടി നേതാക്കളെയും അറിയിക്കാതെ നിർമാണം തുടങ്ങിയതിലാണ് വിമർശനം ഉയർന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ആറുവരിപ്പാത നിർമാണത്തിന് വഴിക്കുളങ്ങരയിൽ തുടക്കമായത്. നിർമാണം ആരംഭിച്ച വാർത്തയും ചിത്രവും ചില പത്രങ്ങൾക്ക് മാത്രമാണ് നൽകിയത്. ചാനലുകളെയും ഒഴിവാക്കി. എം.പിയും സ്ഥലം എം.എൽ.എ കൂടിയായ പ്രതിപക്ഷ നേതാവും പത്ര വാർത്തയിലൂടെയാണ് വിവരം അറിഞ്ഞത്. ഹൈബി ഈഡൻ എം.പി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ ഫോണിൽ വിളിച്ച് പ്രതിഷേധം അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരുവനന്തപുരത്തെ ദേശീയപാത റീജനൽ ഓഫിസറെ വിളിച്ച് അന്വേഷിച്ചതായും അറിയുന്നു.
നിർമാണക്കമ്പനിയാണ് ധിറുതിപിടിച്ച് പ്രവൃത്തി ആരംഭിച്ചതെന്നാണ് ദേശീയപാത ഉദ്യോഗസ്ഥരുടെ മറുപടി. പാതനിർമാണം തുടങ്ങിയിട്ടില്ലെന്നും അടിപ്പാതയുടെ പില്ലറിന്റെ കോൺക്രീറ്റ് പണിയാണ് കഴിഞ്ഞ ദിവസം നടത്തിയതെന്നുമാണ് അവർ പറയുന്നത്.
പാത നിർമാണത്തിനുമുമ്പ് 12 അടിപ്പാതകൂടി നിർമിക്കണമെന്ന് പ്രതിപക്ഷ നേതാവ് നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെയും ഉദ്ഘാടനം നടത്താതെയും നിർമാണം തുടങ്ങിയതാണ് എം.പിയെയും പ്രതിപക്ഷ നേതാവിനെയും ചൊടിപ്പിച്ചത്.
കേന്ദ്രമന്ത്രിയെവരെ പരാതി അറിയിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച രാവിലെ 11ന് പറവൂർ ഗെസ്റ്റ്ഹൗസിൽ ജനപ്രതിനിധികളുടെയും ദേശീയപാത ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുകൂട്ടാൻ തീരുമാനമായി. അന്ന് തീയതി നിശ്ചയിക്കുകയും എവിടെവെച്ച് ഉദ്ഘാടനം നടത്തണമെന്നും ആരെയെല്ലാം പങ്കെടുപ്പിക്കണമെന്നും തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.