പറവൂരിൽ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് എന്നുവരും?
text_fieldsപറവൂർ: പറവൂർ സബ് ആർ.ടി ഓഫീസിന് കീഴിൽ സൗകര്യപ്രദമായ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ഒരുക്കാനുള്ള നീക്കം എങ്ങുമെത്തിയില്ല. ശ്രമത്തിന് വിലങ്ങുതടിയാകുന്നത് ഉദ്യോഗസ്ഥരും ഡ്രൈവിങ് സ്കൂൾ ഉടമകളുമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇവരിൽ ചിലർ സഹകരിക്കാത്തതും നിരുത്സാഹപ്പെടുത്തുന്നതുമാണ് പുതിയ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് വൈകുന്നതിന് കാരണമത്രെ. ജനപ്രതിനിധികളുടെ ഇടപെടലും ഫലം കണ്ടിട്ടില്ല.
വർഷങ്ങളായി സൗകര്യപ്രദമായ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്ലാത്ത അവസ്ഥയാണ് പറവൂരിൽ. ദേശീയ പാതക്കായി ഏറ്റെടുത്തിരുന്ന സ്ഥലത്താണ് വർഷങ്ങളോളം ടെസ്റ്റ് നടത്തിയിരുന്നത്. കഴിഞ്ഞവർഷം നവംബറിൽ പാത നിർമാണം തുടങ്ങിയപ്പോൾ അവർ ഒഴിപ്പിച്ചതിനെ തുടർന്ന് നന്തികുളങ്ങരയിൽ സ്വകാര്യ ഭൂമിയിൽ വാടക കൊടുത്താണ് ടെസ്റ്റ് നടത്തുന്നത്. നഗരസഭയിലും പഞ്ചായത്തുകളിലും ടെസ്റ്റ് ഗ്രൗണ്ടിനായി ഭൂമി കണ്ടെത്താനുള്ള ശ്രമവും വിജയിച്ചില്ല. പുത്തൻവേലിക്കര പഞ്ചായത്ത് നൽകാമെന്ന് പറഞ്ഞ സ്ഥലം അനുയോജ്യമല്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി ഉപേക്ഷിച്ചു.
ടെസ്റ്റ് ഗ്രൗണ്ടും പിന്നാലെ സബ് ആർ.ടി ഓഫിസും പറവൂർ ടൗണിൽ നിന്നും പുറത്തേക്ക് പോകുമെന്ന സ്ഥിതിയായപ്പോൾ പറവൂരിൽ തന്നെ നിലനിർത്തണമെന്ന ആവശ്യവുമായി നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ആർ.ടി.ഒ, ട്രാൻസ്പോർട്ട് കമിഷണർ എന്നിവരെ സമീപിച്ചു. ഇതിനിടയിൽ, പറവൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി അധികൃതർ ടെസ്റ്റ് ഗ്രൗണ്ടിനായി 1.75 ഏക്കർ സ്ഥലം അഞ്ച് വർഷത്തേക്ക് സൗജന്യമായി വിട്ടു നൽകാൻ സന്നദ്ധത കാണിച്ച് നഗരസഭ ചെയർപേഴ്സണ് കത്തു നൽകി. കഴിഞ്ഞ ജുൺ 15ന് പളളി അധികൃതർ പറവൂർ ജോയന്റ് ആർ.ടി.ഒയുമായി കരാറിൽ ഏർപ്പെടുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾ പള്ളി അധികൃതർ ഒരുക്കിയിട്ടും മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്ത് നിന്നും യാതൊരു നീക്കവുമില്ല. ഡ്രൈവിങ് സ്കൂൾ ഉടമകൾക്കും താൽപര്യമില്ല. എഗ്രിമെൻറ് വെച്ചിട്ട് ആറ് മാസമായി. ഒരു വർഷമായി 30,000 രൂപ മാസ വാടകക്ക് എടുത്ത സ്ഥലത്താണ് ടെസ്റ്റ് നടത്തുന്നത്.
ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനയാണ് വാടക നൽകുന്നത്. ടെസ്റ്റിന് എത്തുന്ന ഓരോരുത്തരിൽ നിന്നും 100 രൂപ വീതം ഇവർ പിരിവെടുക്കുന്നുണ്ട്. 100-120 പേരാണ് ഓരോ ദിവസവും ടെസ്റ്റിന് എത്തുന്നത്. സാമ്പത്തിക ലാഭമാണോ ഉദ്യോഗസ്ഥരുടെയും സംഘടന നേതാക്കളുടെയും പിൻമാറ്റത്തിന് കാരണമെന്നറിയില്ല. സബ് ആർ.ടി ഓഫീസിന് സമീപത്താണ് പുതിയ സ്ഥലം അനുവദിച്ചിരിക്കുന്നത്. എന്നിട്ടും ചിലർക്ക് അവിടേക്ക് പോകാൻ താൽപര്യക്കുറവുണ്ട്.
നിലവിൽ 40 സെന്റിലാണ് ടെസ്റ്റ് നടത്തുന്നത്. 1.75 ഏക്കർ വിട്ടുകിട്ടിയ സ്ഥിതിക്ക് നല്ല സൗകര്യങ്ങളോടെ ടെസ്റ്റ് നടത്താനാകും. അതും വാടക ഒന്നും കൂടാതെ. താൽക്കാലിക സംവിധാനത്തിന് പകരം നല്ല രീതിയിലുള്ള ടെസ്റ്റ് ഗ്രൗണ്ട് സജ്ജമാക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ട്രാൻസ്പോർട്ട് കമിഷണർ അറിയിച്ചിരുന്നു. ഇത്രയും നാൾ സ്ഥലമില്ലെന്ന പരാതിയായിരുന്നു. എന്നാൽ സ്ഥലം കിട്ടിയപ്പോൾ അനക്കമില്ലാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.