പറവൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ വിജിലൻസ് അന്വേഷണം അന്തിമഘട്ടത്തിൽ; സി.പി.ഐ ഭരണസമിതി അംഗം രാജിവെക്കുന്നു
text_fieldsപറവൂർ: പറവൂർ സഹകരണ ബാങ്ക് ഭരണസമിതി അംഗവും സി.പി.ഐ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ കെ.ബി. ചന്ദ്രബോസ് പാർട്ടി സ്ഥാനങ്ങളിൽനിന്ന് രാജിവെച്ചതായി സൂചന.
പറവൂർ സഹകരണ ബാങ്കുമായി ചുറ്റിപ്പറ്റിയുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് കാരണമത്രേ. ലോക്കൽ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കുന്നതായി കാണിച്ചുള്ള കത്ത് രണ്ടാഴ്ച മുമ്പ് ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ ചന്ദ്രബോസിന് കൈമാറിയതായാണ് വിവരം.
ഇതേ തുടർന്നാണ് ബാങ്ക് ഭരണസമിതി അംഗത്വവും രാജിവെക്കുന്നത്. ബാങ്കിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് സഹകരണ വകുപ്പും വിജിലൻസും നടത്തി വരുന്ന അന്വേഷണം അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന സമയത്ത് ഭരണസമിതി അംഗമായ ഒരാൾ പാർട്ടി വിടുന്നത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. വിജിലൻസ് കേസിൽ ഒരു തെറ്റും ചെയ്യാത്ത താൻ പ്രതി ചേർക്കപ്പെടുമെന്നും ഇക്കാര്യത്തിൽ ജയിലിൽ പോകേണ്ടി വരുമെന്നും ഭയപ്പെടുന്നതായി ലോക്കൽ കമ്മിറ്റി യോഗത്തിൽ ചന്ദ്ര ബോസ് ആശങ്ക പ്രകടിപ്പിച്ചതായി അറിയുന്നു.
മാത്രമല്ല ബാങ്കിന്റെ സ്റ്റോർ കമ്മിറ്റിയിൽ അംഗമായിരിക്കെ ചേർന്ന പ്രത്യേക യോഗങ്ങളുടെ സിറ്റിങ് ഫീസ് എഴുതിയെടുത്തത് സംബന്ധിച്ച് ചന്ദ്രബോസ് ഉൾപ്പെടെ നിലവിലെ ഒമ്പതോളം ഭരണസമിതി അംഗങ്ങൾക്കെതിരെ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഓരോരുത്തരും അനധികൃതമായി വാങ്ങിയ ലക്ഷങ്ങൾ ബാങ്കിലേക്ക് തിരിച്ചടക്കണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്. ഗുരുതര ക്രമക്കേട് കണ്ടെത്തിയ സഹകരണ വകുപ്പ് ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പാർട്ടി എതിരു നിന്നെന്നും ഇയാൾ ആക്ഷേപമുന്നയിച്ചിട്ടുണ്ട്.
അടുത്ത കാലത്താണ് ചന്ദ്രബോസ് സി.പി.ഐയിൽ ചേർന്നത്. പാർട്ടിയിൽ വന്ന് അധികകാലം ആകും മുമ്പേ ബാങ്കിന്റെ ഭരണ സമിതിയിലേക്ക് മത്സരിപ്പിച്ചതിൽ അണികൾക്കിടയിൽ അക്കാലത്ത് ആക്ഷേപം ഉയർന്നിരുന്നു. എട്ടുമാസം മാത്രമാണ് ഇനി ഭരണസമിതിക്ക് ബാക്കിയുള്ളത്.
അടുത്ത കാലത്ത് ബാങ്ക് ഭരണസമിതിയിലുണ്ടായ സി.പി.എം-സി.പി.ഐ തർക്കത്തിൽ സി.പി.ഐക്കാരനായ ബാങ്ക് പ്രസിഡന്റിനെതിരെ സി.പി.എമ്മുകാർക്കൊപ്പം നിന്ന് തെറ്റായ നിലപാട് സ്വീകരിച്ചതിൽ ചന്ദ്രബോസിനെതിരെ പാർട്ടിയിൽ അമർഷം ശക്തമാണ്. അഴിമതി അരോപണങ്ങളിലും അതിന്റെ അന്വേഷണങ്ങളിലുംപെട്ട് പ്രതിസന്ധിയിലായ ബാങ്ക് ഭരണസമിതിക്ക് ചന്ദ്രബോസിന്റെ നീക്കം തലവേദനയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.