വിജിലൻസ് അന്വേഷണത്തെ നിയമപരമായി നേരിടും–പറവൂർ സഹകരണ ബാങ്ക്
text_fieldsപറവൂർ: പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് നിയമപരമായി നേരിടുമെന്ന് പറവൂർ സഹകരണ ബാങ്ക് ഭരണസമിതി. ബാങ്കിന്റെയും അംഗങ്ങളുടെയും ഇടപാടുകാരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സ്വീകരിച്ച രണ്ട് ഇടപാടുകളിൽ സാങ്കേതിക പിശക് മൂലം ഉണ്ടായ വീഴ്ചകളാണ് കേസിന് കാരണമായത്. ആദായനികുതി വകുപ്പ് ചുമത്തിയ ഭീമമായ നികുതി ഡിമാൻറുകൾ ഒഴിവാക്കി കിട്ടുന്നതിനും അപേക്ഷകളും അപ്പീലുകളും സമർപ്പിക്കുന്നതിനുമാണ് പ്രത്യേക അഭിഭാഷക ഓഫീസിന്റെ സേവനം ബാങ്ക് ഉപയോഗപ്പെടുത്തിയത്. 2021ൽ ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വരുന്നതുവരെ അഭിഭാഷകന്റെ സേവനത്തിന് പ്രതിവർഷം ഫീസ് നിശ്ചയിച്ചാണ് ബാങ്ക് നൽകിയിരുന്നത്. ഈ സേവനം ലഭ്യമായതിനാൽ വലിയ തുക നികുതി ഇളവായി ലഭിച്ചിട്ടുണ്ട്.
ഒരു വായ്പക്കാരിയുടെ കിടപ്പാടം ജപ്തിയിലേക്ക് പോകുന്ന നടപടി ഒഴിവാക്കുന്നതിന്, വായ്പാ കുടിശ്ശികയിലേക്ക് നിശ്ചിത തുക അടപ്പിച്ച് വായ്പ പുതുക്കി നൽകിയിരുന്നു. വായ്പക്ക് നൽകിയ ഈട് വസ്തുവിൽ ബാങ്കുമായി ബന്ധമില്ലാത്ത സിവിൽ കേസിലെ വിധി ബാങ്കിന് വസ്തുവിലുള്ള ചാർജിനെ ഒരുതരത്തിലും ബാധിക്കുന്നതല്ല. 2007 മുതൽ ഇതേ വസ്തു ഈട് വെച്ച് ബാങ്കിൽനിന്നു തുടർച്ചയായി വായ്പ എടുത്തുവരുന്നതിനാലും മുൻ വായ്പകളുടെ ഒഴിമുറി വെയ്ക്കാതെ തുടർച്ച പണയം നടത്തിവരുന്നതിനാലും ഈട് വസ്തുവിന്മേൽ ബാങ്കിനുള്ള ചാർജ് പ്രാഥമികവും സുരക്ഷിതവുമാണ്. ഇതിനായി പ്രത്യേക കേസും ബാങ്ക് ഫയൽ ചെയ്തിട്ടുണ്ട്. ഇവ സംബന്ധിച്ച് സ്വീകരിച്ച നടപടികളിൽ സാങ്കേതികമായ എന്തെങ്കിലും പോരായ്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതും നിയമപരമായി പരിഹരിച്ച് മുന്നോട്ട് പോകും.
രാഷ്ട്രീയലക്ഷ്യങ്ങളോടെ ബാങ്കിനെതിരെ നടത്തുന്ന കുപ്രചരണങ്ങൾ സഹകാരികൾ തിരിച്ചറിയണമെന്നും അത്തരം പ്രചരണങ്ങളെ തുറന്നുകാട്ടുമെന്നും ബാങ്ക് ഭരണസമിതി പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.