തർക്കം കോടതി കയറി; പറവൂരിലെ കോടതി സമുച്ചയവും സബ്ട്രഷറിയും അനിശ്ചിതത്വത്തിൽ
text_fieldsപറവൂർ: പറവൂരിൽ കോടതി സമുച്ചയവും സബ്ട്രഷറിയും നിർമിക്കാനുള്ള പദ്ധതികൾ വർഷങ്ങളായി അനിശ്ചിതത്വത്തിൽ തുടരുന്നു. സ്ഥലവും പണവുമുണ്ടെങ്കിലും തർക്കം ഉടലെടുത്തതാണ് നിർമാണം മരവിക്കാൻ ഇടയായത്. തർക്കം കോടതി കയറിയതോടെ എല്ലാം കൈവിട്ടു. നിർമാണം വൈകുന്നതിൽ അഭിഭാഷകരും പെൻഷൻകാർ അടക്കമുള്ളവരും അക്ഷമരാണ്. വിഷയത്തിൽ സർക്കാറിന്റെ അടിയന്തര ഇടപെടൽ പ്രതീക്ഷിച്ചുവെങ്കിലും ഉണ്ടായില്ല.
പറവൂരിന്റെ അഭിമാനമായ പൈതൃക കോടതി കെട്ടിടത്തിന് ഒന്നര നൂറ്റാണ്ടോളം പഴക്കമുണ്ട്. ഇതിനോടനുബന്ധിച്ച് പുതിയ കെട്ടിട സമുച്ചയം പണിയണമെന്നാണ് ന്യായാധിപന്മാരുടെയും അഭിഭാഷകരുടെയും ആവശ്യം. 2012ൽ ഹൈകോടതി പുതിയ കെട്ടിടം നിർമിക്കണമെന്ന് നിർദേശിച്ചിരുന്നു. നിലവിലെ മജിസ്ടേറ്റ് കോടതി കെട്ടിടം അടക്കം പൊളിച്ചുനീക്കി ബഹുനില കെട്ടിടവും ജുഡീഷ്യൽ ക്വാർട്ടേഴ്സും നിർമിക്കാനായിരുന്നു നിർദേശം.
എന്നാൽ, കോടതി സ്ഥിതി ചെയ്യുന്ന ആറര ഏക്കറോളം വരുന്ന കച്ചേരി മൈതാനം റവന്യൂ വകുപ്പിന്റേതാണെന്ന വാദം നടപടികൾക്ക് തടസ്സമായി. 2017ൽ 50 സെൻറ് സ്ഥലം കോടതി നിർമാണത്തിനായി റവന്യൂ വകുപ്പ് വിട്ടുനൽകിയെങ്കിലും നടപടിക്രമങ്ങൾ വൈകി.
ഇതിനിടയിൽ 50 സെൻറിൽ സൗകര്യമുള്ള കെട്ടിടം നിർമിക്കാൻ കഴിയില്ലെന്ന വാദവുമായി അഭിഭാഷക സംഘടന രംഗത്തുവന്നു. സബ്ട്രഷറി നിർമാണത്തിന് വിട്ടുനൽകിയ സ്ഥലവും കോടതി സമുച്ചയ നിർമാണത്തിന് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ചില അഭിഭാഷകർ ഹൈകോടതിയെ സമീപിച്ചു. ഇതോടെ, നിർമാണം തുടങ്ങിയ സബ് ട്രഷറിയുടെ കാര്യവും അവതാളത്തിലായി.
ട്രഷറി നിർമാണത്തിന് കച്ചേരി മൈതാനിയിൽ സബ്ട്രഷറിക്ക് സമീപം 15 സെൻറ് സ്ഥലവും ഫണ്ടും 14 വർഷം മുമ്പാണ് സർക്കാർ അനുവദിച്ചത്. നിർദിഷ്ട സ്ഥലത്തുതന്നെ സബ്ട്രഷറി നിർമിക്കണമെന്ന ആവശ്യത്തിൽ പെൻഷൻകാരുടെ സംഘടനകൾ ഉറച്ചുനിൽക്കുകയാണ്. ട്രഷറി നിർമാണത്തിന്റെ പ്രാഥമിക പണികൾ കരാറുകാരൻ ആരംഭിച്ചപ്പോൾ തന്നെ തടസ്സപ്പെട്ടു. മൂന്ന് വർഷമായി ഒരു പ്രവർത്തിയും നടത്താനായിട്ടില്ല.
സ്ഥലപരിമിതിയും അസൗകര്യവും മൂലം പുതിയ കോടതികൾ പറവൂരിൽ അനുവദിക്കുന്നതിന് തടസ്സമാകുമെന്ന അഭിഭാഷകരുടെ വാദം നിലനിൽക്കെ പോക്സോ കോടതിയും കുടുംബകോടതിയും പറവൂരിൽ അനുവദിക്കപ്പെട്ടു. നിലവിൽ സബ്ട്രഷറി ജീർണാവസ്ഥയിലാണ്. ട്രഷറി ചോർന്നൊലിക്കുകയാണ്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ടാണ് മുകൾഭാഗം മറച്ചിരിക്കുന്നത്. ജീവനക്കാർ ജീവൻ പണയം വെച്ചാണ് ജോലി ചെയ്യുന്നത്. സർക്കാർ കണ്ണ് തുറക്കുന്നമെന്നാണ് എല്ലാവരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.