പറവൂർ സീറ്റ് സി.പി.എമ്മുമായി വെച്ചുമാറൽ; സി.പി.ഐയിൽ എതിർപ്പ് ശക്തം
text_fieldsപറവൂർ (എറണാകുളം): സീറ്റ് ചർച്ച മുന്നേറുമ്പോൾ സി.പി.എമ്മിെൻറ പറവൂർ നിയോജക മണ്ഡലത്തിനായുള്ള അവകാശവാദത്തിനെതിരെ സി.പി.ഐ പ്രാദേശിക-ജില്ല നേതൃത്വങ്ങൾ രംഗത്ത്. തുടർച്ചയായി തോൽവി ഏറ്റുവാങ്ങുന്ന പറവൂർ സീറ്റിന് പകരം ജില്ലയിൽ മറ്റൊരു സുരക്ഷിത സീറ്റ് എന്ന സി.പി.എം വാഗ്ദാനം അവർ തള്ളി. എന്നാൽ, സി.പി.ഐ സംസ്ഥാന നേതൃത്വം ഇരുവരെ പ്രതികരിച്ചിട്ടില്ല. സി.പി.ഐ മണ്ഡലം കമ്മിറ്റിയും ജില്ല കമ്മിറ്റിയും അംഗീകരിക്കാത്തതിനാൽ വിഷയത്തിൽ തീരുമാനമായിട്ടില്ല.
വി.ഡി. സതീശനെ തോൽപിക്കാൻ തങ്ങളുടെ സ്ഥാനാർഥിക്കേ കഴിയൂവെന്നാണ് സി.പി.എം വാദം. അതേസമയം സീറ്റ് കൈമാറൽ നഷ്ടക്കച്ചവടമാകുമെന്നാണ് സി.പി.ഐ ജില്ല നേതൃത്വം വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം ജില്ല നേതൃത്വത്തിെൻറ നിർദേശപ്രകാരം ചേർന്ന പറവൂർ മണ്ഡലം കമ്മിറ്റിയും ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ പിരിഞ്ഞു. പറവൂർ സീറ്റ് വർഷങ്ങൾക്കുമുമ്പേ സി.പി.എം നോട്ടമിട്ടതാണെന്ന് അവർ പറയുന്നു. സി.പി.ഐയുടെ പരമ്പരാഗത സീറ്റ് കൈവിട്ടുപോയാൽ പാർട്ടിയുടെ അടിത്തറ ഇളകും.
ട്രേഡ് യൂനിയൻ രംഗത്ത് തിരിച്ചടിയുണ്ടാകുമെന്നും സീറ്റ് ഒരിക്കലും തിരിച്ചുകിട്ടില്ലെന്നും സി.പി.ഐ ചൂണ്ടിക്കാട്ടുന്നു. അഞ്ചുതവണ പറവൂരിൽ വിജയിച്ചിട്ടുണ്ട്. അതിനുശേഷമുള്ള തുടർച്ചയായ പരാജയത്തിന് സി.പി.ഐ മാത്രമല്ല ഉത്തരവാദി. 2011ൽ പന്ന്യൻ രവീന്ദ്രനും 2016ൽ ശാരദ മോഹനും മത്സരിച്ചപ്പോൾ സി.പി.എമ്മിെൻറ പ്രമുഖ നേതാക്കളടക്കം വൈപ്പിനിൽ എസ്. ശർമയുടെ െതരഞ്ഞെടുപ്പ് പ്രചാരണ രംഗത്തായിരുന്നു. 2011ൽ വി.എസ്. അച്യുതാനന്ദൻ കേരളത്തിലുടനീളം പ്രചാരണത്തിന് ഇറങ്ങിയിട്ടും പന്ന്യനുവേണ്ടി പറവൂരിൽ എത്തിയില്ല.
തദ്ദേശ തെരഞ്ഞെടുപ്പിലും സി.പി.ഐക്ക് കനത്ത നഷ്ടമുണ്ടായി. ഇക്കാര്യംകൂടി ചൂണ്ടിക്കാട്ടിയാണ് സി.പി.എം പറവൂരിനുവേണ്ടി പിടിമുറുക്കുന്നത്. വെടക്കാക്കി തനിക്കാക്കുന്ന നയമാണ് സി.പി.എം പയറ്റുന്നതെന്നും സി.പി.ഐ പറയുന്നു. ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കണമെന്നാണ് സി.പി.ഐ ജില്ല നേതൃത്വത്തിെൻറ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.