കൃഷി ഒഴിഞ്ഞ് പൊക്കാളി പാടങ്ങൾ:കലക്ടറുടെ ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ല
text_fieldsപറവൂർ: മത്സ്യകൃഷിയുടെ കാലാവധി അവസാനിച്ചിട്ടും പൊക്കാളി പാടശേഖരങ്ങളിൽ കൃഷിയിറക്കാതെ കർഷകർ ഒഴിഞ്ഞുമാറുന്നു. ഏപ്രിൽ 15 വരെയായിരുന്നു മത്സ്യകൃഷി ചെയ്യാനുള്ള അനുമതി. അതിനുശേഷം പൊക്കാളി കൃഷി ആരംഭിക്കാനുള്ള പ്രാരംഭ നടപടി ആരംഭിക്കണമെന്ന് ജില്ല കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, മൂന്നാഴ്ച പിന്നിട്ടിട്ടും കൃഷി ആരംഭിക്കാനുള്ള നീക്കങ്ങൾ കർഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പാടശേഖരങ്ങൾ വെള്ളം നിറഞ്ഞ് കിടക്കുകയാണ്. വെള്ളം തുറന്നുവിടാൻപോലും കർഷകർ തയാറായിട്ടില്ല.
താലൂക്കിൽ വരാപ്പുഴ, കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിലാണ് പൊക്കാളി കൃഷിയുള്ളത്. ജില്ല കലക്ടർ ചെയർമാനായ പൊക്കാളി നില വികസന ഏജൻസി കർഷകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിന് പുറമെ സബ്സിഡിയും നഷ്ടപരിഹാരവും ഉൾപ്പെടെ ഉള്ളവ നൽകുന്നുണ്ട്. ഫെബ്രുവരിയിൽ സർക്കാർ കോട്ടുവള്ളി പഞ്ചായത്തിലെ പൊക്കാളി നിലങ്ങളുടെ സംരക്ഷണഭിത്തി ബലപ്പെടുത്താൻ അഞ്ചുകോടിയോളം രൂപ അനുവദിച്ചിരുന്നു.
വിത്ത് വാങ്ങാനും പഞ്ചായത്തും കൃഷിവകുപ്പും ധനസഹായവും നൽകുന്നുണ്ട്. എന്നിട്ടും പൊക്കാളി കൃഷി നഷ്ടമാണെന്ന് പറഞ്ഞ് കർഷകർ കൃഷി ഇറക്കാതെ മാറിനിൽക്കുകയാണ്. സാമ്പത്തികബാധ്യത വരുത്തിവെക്കുന്ന പൊക്കാളി കൃഷി നടത്താൻ സർക്കാർ നിർബന്ധിക്കുന്നു എന്നാണ് കർഷകരുടെ ആരോപണം. ജൈവവളത്തിൽ കൃഷി ചെയ്യുന്ന പൊക്കാളി അരിക്ക് ആവശ്യക്കാർ ഏറെയുള്ള സമയത്താണ് കർഷകർ കൃഷിഭൂമി തരിശിടുന്നത്. ഏറെ ലാഭകരമായ മത്സ്യകൃഷിയിലാണ് കർഷകർക്ക് താൽപര്യം.
കലക്ടറുടെ ഉത്തരവ് പഞ്ചായത്ത്, കൃഷി വകുപ്പ് അധികൃതർ ശ്രദ്ധയിൽപെടുത്തിയിട്ടും അവർക്ക് അനക്കമില്ല. കൃഷിക്ക് അനുയോജ്യമായ എല്ലായിടത്തും കൃഷി ഇറക്കാനാണ് കൃഷി വകുപ്പിെൻറ പരിപാടി. അടിയന്തരമായി കൃഷി ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷാജിയും കൃഷി ഓഫിസർ കെ.സി. റെയ്ഹാനയും കർഷകരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.