തൊഴിലാളികൾ ചെറുത്തു; തട്ടിയെടുത്ത മത്സ്യബന്ധന ബോട്ട് കസ്റ്റഡിയിലായിട്ടും വീണ്ടെടുക്കാനാവാതെ പൊലീസ്
text_fieldsപറവൂർ (എറണാകുളം): മത്സ്യബന്ധനത്തിന് കൊണ്ടുപോയി കുളച്ചൽ തൊഴിലാളികൾ തട്ടിയെടുത്ത ബോട്ട് ഉടമകളുടെ നിരന്തര പോരാട്ടത്തിനൊടുവിൽ തമിഴ്നാട് ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തെങ്കിലും കേരളത്തിന് വിട്ടുനൽകുന്നില്ല.
വടക്കേക്കര പട്ടണം സ്വദേശിയായ ആൻറണിയും രണ്ട് സുഹൃത്തുക്കളും ചേർന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ച് ഒരുവർഷം മുമ്പ് നിർമിച്ചതാണ് 104 അടി വലുപ്പമുള്ള സെൻറ് ആൻറണീസ് ബോട്ട്.
സെപ്റ്റംബർ 24നാണ് മത്സ്യബന്ധനത്തിന് കുഞ്ഞിത്തൈ കടവിൽനിന്ന് പുറപ്പെട്ടത്. കോവിഡ് മാനദണ്ഡ പ്രകാരം അഞ്ചുദിവസം കഴിഞ്ഞ് തിരിച്ചുവരേണ്ട ബോട്ടിൽ 450 ഐസ് ബോക്സും 6000 ലിറ്റർ ഡീസലും ആവശ്യമായ ആഹാരസാധനങ്ങളും 12 തൊഴിലാളികളും ഉണ്ടായിരുന്നു. എല്ലാവരും കുളച്ചൽ സ്വദേശികളാണ്. ഹൈകോടതിയുടെ ഉത്തരവനുസരിച്ച് വടക്കേക്കര പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടതിനെത്തുടർന്ന് തമിഴ്നാട് ഫിഷറീസ് വകുപ്പ് ബോട്ട് കസ്റ്റഡിയിലെടുത്തു.
എന്നാൽ, ബോട്ട് ഏറ്റുവാങ്ങാൻ പൊലീസ് ചെന്നെങ്കിലും തൊഴിലാളികൾ സംഘടിച്ചതോടെ ശ്രമം ഉപേക്ഷിച്ച് തിരിച്ചുപോന്നു. ആളുകൾ കൂടിയപ്പോൾ സി.ഐയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് പൊലീസ് മുങ്ങി. ഇതിനിടെ കേസിലെ ഒന്നാംപ്രതി അരിസ്റ്റോ പോൾ പൗലോസിെൻറ (37) ഭാര്യപിതാവ് മരിയ വാൾട്ടർ തനിസ്ലാസിനെ (61) പൊലീസ് അറസ്റ്റ് ചെയ്ത് പത്ത് ദിവസം റിമാൻഡിൽ കഴിഞ്ഞെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. അരിസ്റ്റോ മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.
ബോട്ട് കസ്റ്റഡിയിലെടുക്കാൻ കേരള ഡി.ജി.പി, ആലുവ റൂറൽ എസ്.പി വടക്കേക്കര ഇൻസ്പെക്ടർ തുടങ്ങിയവർക്കാണ് ഹൈകോടതി ജഡ്ജി വി.ജി. അരുൺ നിർദേശം നൽകിയത്. എന്നാൽ, ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വേണ്ടത്ര താൽപര്യമെടുക്കുന്നില്ലെന്ന് ബോട്ട് ഉടമകൾ പരാതിപ്പെടുന്നു. മാത്രമല്ല, സി.പി.എമ്മിലെ ഒരുവിഭാഗം ബോട്ട് തട്ടിയെടുത്തവർക്ക് എല്ലാ സഹായവുമായി ഒപ്പമുണ്ടെന്നും അവർ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.