കിടക്കാൻ ഒരുകട്ടിലായിരുന്നു രാജമ്മയുടെ സ്വപ്നം; വീടൊരുക്കി നൽകി നാട്
text_fieldsപറവൂർ: അടച്ചുറപ്പില്ലാത്ത ഷെഡിൽ ഏകയായി കഴിഞ്ഞിരുന്ന കുഞ്ഞിത്തൈ കുറുപ്പശ്ശേരി രാജമ്മ ഇനി സുരക്ഷിത വീട്ടിൽ അന്തിയുറങ്ങും. ഒരു സെന്റ് സ്ഥലത്തെ ജീർണിച്ച കുടിലിൽ കഴിഞ്ഞിരുന്ന 82കാരിയായ രാജമ്മയുടെ സ്വപ്നം കിടക്കാൻ ഒരുകട്ടിലായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് വോട്ടു തേടിയെത്തിയ സ്ഥാനാർഥികളോടുള്ള ആവശ്യവും ഇതായിരുന്നു. ജയിച്ചാലും തോറ്റാലും കട്ടിൽ ഉറപ്പ് പറഞ്ഞ മിനി വർഗീസ് മാണിയാറ വിജയിച്ച് സ്ഥിരം സമിതി അധ്യക്ഷ ആയതോടെ കട്ടിലുമായെത്തി. കട്ടിൽ നൽകാനെത്തിയ പറവൂർ തഹസിൽദാറായിരുന്ന എം.എച്ച്. ഹാരിഷാണ് വീട് നിർമിച്ച് നൽകണമെന്ന ആശയം മുന്നോട്ടുവെച്ചത്. അഭ്യുദയകാംക്ഷികൾ ചേർന്ന് തറപണി തീർത്തതോടെ ഫാ. വർഗീസ് താന്നിയത്ത് ട്രസ്റ്റ് ചെയർമാൻ ഫാ. ഫ്രാൻസീസ് താന്നിയത്ത് വീടിെൻറ മുഖ്യപണി ഏറ്റെടുത്ത് തീർത്തു.
പുതുവത്സര ദിനത്തിൽ വീടിെൻറ താക്കോൽ ഇരിങ്ങാലക്കുട ആർ.ഡി.ഒ എം.എച്ച്. ഹാരീഷ് കൈമാറി. ഫാ. ഫ്രാൻസിസ് താന്നിയത്ത്, പഞ്ചായത്ത് പ്രസിഡൻറ് രശ്മി അനിൽകുമാർ, സ്ഥിരം സമിതി അധ്യക്ഷ മിനി വർഗീസ് മാണിയാറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബാബു തമ്പുരാട്ടി, അജിത ഷൺമുഖൻ, വർഗീസ് മാണിയാറ, സി.ബി. ബിജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.