പറവൂരിൽ കോർട്ട് ഫീ സ്റ്റാമ്പുകൾക്ക് ക്ഷാമം
text_fieldsപറവൂർ: കോടതി ആവശ്യത്തിനുള്ള കോർട്ട് ഫീ സ്റ്റാമ്പുകൾ ലഭ്യമാകാത്തത് ജനങ്ങളെ വലക്കുന്നു. ഒരു രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള സ്റ്റാമ്പുകളാണ് കിട്ടാത്തത്. ലൈസൻസ് സ്റ്റാമ്പ് വെൻഡർമാർ വഴി മാത്രമേ ഇവ ലഭിക്കൂ. ലൈസൻസ് ഉള്ള രണ്ട് വെൻഡർമാരാണ് പറവൂരിലുള്ളത്.
ഒരാളുടെ സ്ഥാപനംകൃത്യമായി പ്രവർത്തിക്കുന്നില്ല. രണ്ടാമത്തെയാളുടെ സ്ഥാപനം പ്രവർത്തിക്കുന്നുണ്ടെങ്കിലും ആവശ്യത്തിനു സ്റ്റാമ്പ് ലഭിക്കുന്നില്ലെന്നാണ് അഭിഭാഷകരുടെ പരാതി. ലോക്ഡൗൺ കഴിഞ്ഞ് കോടതി തുറന്നിട്ടും കേസുകളുടെ നടപടികൾക്കായി അപേക്ഷകൾ കൊടുക്കാൻ കഴിയുന്നില്ലെന്ന് അഭിഭാഷകർ പറയുന്നു. പറവൂരിൽ കിട്ടാത്തതിനാൽ മറ്റു സ്ഥലങ്ങളിൽ പോയി വാങ്ങേണ്ടിവരുന്നു. ഒരു ലക്ഷത്തിന് മുകളിലുള്ള തുകയുടെ സ്റ്റാമ്പുകൾ അഭിഭാഷകർക്ക് ട്രഷറിയിൽ നിന്ന് നേരിട്ടു നൽകും.
ഒരു ലക്ഷത്തിൽ താഴെയുള്ള കോർട്ട് ഫീ സ്റ്റാമ്പുകൾ ബാർ അസോസിയേഷനോ ക്ലർക്ക് അസോസിയേഷനോ നേരിട്ടു ലഭ്യമാക്കാൻ നിയമഭേദഗതി ഉണ്ടാക്കുകയോ പറവൂരിൽ കൂടുതൽ ആളുകൾക്ക് വെൻഡർ ലൈസൻസ് അനുവദിക്കുകയോ ചെയ്യണമെന്ന് ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. എം.എ. കൃഷ്ണകുമാർ പറഞ്ഞു.
എന്നാൽ, വൈകാതെ തന്നെ ഇ-സ്റ്റാമ്പിങ് നിലവിൽ വരുന്നതിനാൽ കോടതി ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന കോർട്ട് ഫീ സ്റ്റാമ്പുകൾ കൂടുതലായി വാങ്ങി വെക്കാൻ കഴിയില്ലെന്ന് വെൻഡറായ കെ.ടി. അരവിന്ദാക്ഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.