പറവൂരിലെ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
text_fieldsപറവൂർ: ടൗണിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.തെക്കേനാലുവഴിയിലെ വൈറ്റ് സിറ്റി, പെരുവാരത്തെ കെ.എൽ - 42 കിച്ചൻ, കെ.എം.കെ കവലയിലെ നഹാത്ത് ബേക്സ് റസ്റ്റാറൻറ് എന്നിവിടങ്ങളിൽനിന്ന് പഴയ ചിക്കൻ, റൈസ്, ബീഫ് തുടങ്ങി ഭക്ഷണസാധനങ്ങളാണ് പിടിച്ചെടുത്തത്. പള്ളിത്താഴത്തെ നാടൻ ഫുഡ് എന്ന ഹോട്ടൽ വൃത്തിഹീന അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതായും, ചേന്ദമംഗലം കവലയിലെ പുട്ടുകട മലിനജലം ഓടയിലേക്ക് തള്ളുന്നതായും, നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചതായും പരിശോധനയിൽ വ്യക്തമായി.
അഞ്ച് ഹോട്ടലുകൾക്കായി 1,25,000 രൂപ പിഴയിട്ടു. പിടിച്ചെടുത്തവ നഗരസഭ ഓഫിസിന് മുമ്പിൽ പ്രദർശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപ് ഡോൺ ബോസ്കോ ആശുപത്രിക്ക് സമീപത്തെ ഒരു ഹോട്ടലിൽ നിന്ന് പിടികൂടിയ പഴകിയ ഭക്ഷണം ഹോട്ടലിലേക്ക് തന്നെ തിരിച്ചു കൊടുത്തത് വിവാദത്തിന് ഇടയാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യ വിഭാഗം സൂപ്പർവൈസർ പി.വി. ജിജുവിനെ (ക്ലീൻ സിറ്റി മാനേജർ) സസ്പെൻഡ് ചെയ്തിരുന്നു.
പഴകിയ ഭക്ഷണം പിടികൂടുന്ന സംഭവത്തിൽ നഗരസഭ അലംഭാവം കാണിക്കുന്നതായി ആക്ഷേപമുയർന്നിരുന്നു. ഇതിനെ തുടർന്ന് ഏറെ നാളുകൾക്ക് ശേഷമാണ് ഇപ്പോൾ ശക്തമായ രീതിയിൽ നടപടി ഉണ്ടായത്.
ആരോഗ്യ വകുപ്പ് പരിശോധന; ഹോട്ടൽ അടപ്പിച്ചു
കീഴ്മാട്: ഹെൽത്തി കേരളയുടെ ഭാഗമായി കീഴ്മാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. 24 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ ഒരു ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു. വിവിധ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. അമ്പാട്ട് കവലയിൽ പ്രവർത്തിക്കുന്ന ഹോട്ടലാണ് പൂട്ടിച്ചത്. സ്ഥാപനത്തിന് ലൈസൻസോ, ജീവനക്കാർക്ക് ഹെൽത്ത് കാർഡുകളോ, കുടിവെള്ള പരിശോധന റിപ്പോർട്ടോ ഉണ്ടായിരുന്നില്ല. വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് മലിന ജലം തുറസ്സായി ഒഴുക്കിയതിനെതിതിരെ കഴിഞ്ഞയാഴ്ച നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഈ പ്രശ്നം പരിഹരിച്ചിരുന്നുമില്ല. അശോകപുരം അണ്ടി കമ്പനിക്ക് സമീപം പ്രവർത്തിക്കുന്ന മത്സ്യ വിൽപ്പന കേന്ദ്രം, കീഴ്മാട് കവലയിലെ ഹോട്ടൽ, ചപ്പാത്തിക്കട എന്നിവക്ക് ശുചിത്വ പോരായ്മയെ തുടർന്നാണ് നോട്ടീസ് നൽകിയത്.
കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.എസ്. രേഖ, എം.ബി. സബ്ന, എം.എം. സക്കീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.