സ്ഥിരം സമിതി അധ്യക്ഷർ ഹാജരായില്ല; പ്രതിപക്ഷം ഹാളിന്റെ പ്രധാന വാതിൽ പൂട്ടി
text_fieldsപറവൂർ: നഗരസഭാ കൗൺസിൽ യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷന്മാർ ഹാജരാകാത്തതിനെത്തുടർന്ന് പ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാനായില്ല. മഴക്കാലപൂർവ ശുചീകരണം, രൂക്ഷമായ വെള്ളക്കെട്ട്, സ്കൂൾ തുറക്കുന്നതിനുമുമ്പ് നടത്തേണ്ട പ്രവർത്തനങ്ങൾ ഉൾെപ്പടെ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ് വ്യാഴാഴ്ച രാവിലെ 11ന് സ്റ്റാറ്റ്യൂട്ടറി കൗൺസിൽ വിളിച്ചിരുന്നത്.
എന്നാൽ, വൈസ് ചെയർമാൻ, ക്ഷേമ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷർ അടക്കം ഭരണപക്ഷത്തെ ഭൂരിപക്ഷം കൗൺസിലർമാരും എത്തിയില്ല. ഉച്ചക്കുശേഷം ക്ഷേമകാര്യ സ്ഥിരം സമിതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നൽകാത്തതിനെത്തുടർന്ന് എൽ.ഡി.എഫ് കൗൺസിലർമാർ വോട്ടിങ് ആവശ്യപ്പെട്ടു.
ഈ സമയം ഭരണപക്ഷത്ത് നഗരസഭാധ്യക്ഷ ഉൾെപ്പടെ ഏഴും എൽ.ഡി.എഫിന്റെ എട്ടും ബി.ജെ.പിയുടെ ഒന്നും ഒരു സ്വതന്ത്ര കൗൺസിലറും മാത്രമാണ് കൗൺസിൽ ഹാളിലുള്ളത്.
പരാജയപ്പെടുമെന്ന് ഉറപ്പായതിനാൽ നഗരസഭ ചെയർപേഴ്സൻ വോട്ടിങ് അനുവദിച്ചില്ല. ഇത് യോഗത്തെ പ്രക്ഷുബ്ധമാക്കി. ഇതിനിടയിൽ ഹാജരല്ലാത്തവരെ വിളിച്ചുവരുത്താൻ ഭരണപക്ഷം ശ്രമം തുടങ്ങി.
നിലപാട് കടുപ്പിച്ച പ്രതിപക്ഷം വോട്ടിങ് അനുവദിക്കാതെ ചെയർപേഴ്സൻ ഉൾപ്പെടെയുള്ളവരെ പുറത്തു കടക്കാൻ അനുവദിച്ചില്ല. പ്രധാന വാതിൽ പൂട്ടിയശേഷം പ്രതിപക്ഷ കൗൺസിലർമാർ കുത്തിയിരുന്ന് പ്രതിഷേധം തുടങ്ങി. 4.20ന് കൗൺസിൽ യോഗത്തിനെത്തിയ ഉപാധ്യക്ഷൻ എം.ജെ. രാജു, ഭരണകക്ഷിയിലെ ടി.എം. അബ്ദുൽ സലാം എന്നിവർക്കും അകത്തുകടക്കാനായില്ല. അരമണിക്കൂറിനുശേഷം വാതിൽ തുറന്നതോടെയാണ് ഇവർക്ക് അകത്ത് പ്രവേശിക്കാനായത്.
സ്കൂൾ തുറക്കും മുമ്പേ സ്കൂളിലെ ജലം പരിശോധനക്കയച്ച് ഗുണനിലവാരം ഉറപ്പാക്കുന്നതിനുപോലും ഭരണപക്ഷം വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഒറ്റ മഴയിൽ തന്നെ പറവൂർ നഗരവും മുഴുവൻ വാർഡുകളും വെള്ളത്തിനടിയിലായത് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ വന്ന ഗുരുതര വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ പറഞ്ഞു.
ചില കോൺഗ്രസ് കൗൺസിലർമാരും ഭരണത്തിലെ വീഴ്ചകൾ അക്കമിട്ട് പറഞ്ഞത് ഭരണപക്ഷത്തിന് തിരിച്ചടിയായി. വാർഡിലെ രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം നിർദേശിച്ചിട്ട് യോഗം തുടങ്ങിയാൽ മതിയെന്ന് രണ്ടാം വാർഡിലെ കോൺഗ്രസ് കൗൺസിലർ ലൈജി ബിജു ആവശ്യപ്പെട്ടു.
ഒന്നും ചെയ്യാനാകാതെ ചപ്പുചവർ കൗൺസിലായി ഈ കൗൺസിൽ മാറിയെന്ന കോൺഗ്രസിലെ അബ്ദുൽ സലാമിന്റെ പരാമർശം ഭരണപക്ഷത്തിന് ഷോക്കായി.
11ന് തുടങ്ങിയ കൗൺസിൽ യോഗത്തിൽ 4.20ന് എത്തിച്ചേർന്ന വൈസ് ചെയർമാൻ എം.ജെ. രാജുവിന്റെ കൗൺസിലിലെ ഹാജരും ചൂടേറിയ ചർച്ചക്ക് വഴിയൊരുക്കി.
കൗൺസിൽ യോഗം ആരംഭിക്കും മുമ്പ് ഒപ്പിടണമെന്നാണ് നിയമത്തിൽ പറയുന്നതെന്ന സെക്രട്ടറിയുടെ മറുപടിയോടെയാണ് തർക്കത്തിന് വിരാമമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.