തെരുവുനായ് ആക്രമണം; ആറുപേർക്ക് കടിയേറ്റു
text_fieldsപറവൂർ: പുത്തൻവേലിക്കരയിൽ തെരുവുനായുടെ ആക്രമണത്തിൽ അധ്യാപിക ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 10ന് പ്രസന്റേഷൻ കോളജിന് സമീപം ആളുകളുടെ മേൽ തെരുവുനായ് ചാടിവീഴുകയായിരുന്നു. അധ്യാപികയായ ബെറ്റി കോളജിലെത്തി സ്കൂട്ടർ നിർത്തിയശേഷം മൊബൈൽ ഫോണിലൂടെ സംസാരിക്കുമ്പോൾ പിന്നിൽനിന്നെത്തിയ നായ് കൈയിൽ കടിച്ചു. അധ്യാപിക താഴെവീഴുന്നത് കണ്ട വിദ്യാർഥികൾ ഓടിയെത്തിയപ്പോഴേക്കും നായ് കടന്നുകളഞ്ഞു.
പിന്നീട് ആയുർവേദ ആശുപത്രിയിൽ മരുന്ന് വാങ്ങാനെത്തിയ ആളെയും ഒരു ബൈക്ക് യാത്രികനെയും ആക്രമിച്ച നായ് ഉച്ചയോടെ മാനാഞ്ചേരിക്കുന്ന് അഞ്ചുവഴിക്ക് സമീപം വീടിന് പുറത്ത് നിൽക്കുകയായിരുന്ന കൂട്ടാക്കൽ സെബാസ്റ്റ്യൻ (54), പൈനേടത്ത് ലീല (65) എന്നിവരെയും കടിച്ചു.
സെബാസ്റ്റ്യന്റെ കാലിൽ ആഴത്തിലുള്ള മുറിവുണ്ട്. ലീലയുടെ കൈയിലാണ് കടിച്ചത്. ഇവിടെനിന്ന് ഓടിപ്പോയ നായ പിന്നീട് റോഡിൽ നിൽക്കുകയായിരുന്ന അപ്പച്ചാത്ത് നിതിനെയും (29) കടിച്ചു. കടിയേറ്റ ആറുപേരും പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് പരിക്ക് കൂടുതലുള്ള സെബാസ്റ്റ്യൻ, ലീല, നിതിൻ എന്നിവരെ കളമശ്ശേരി മെഡിക്കൽ കോളജിലെത്തിച്ച് വിദഗ്ധ ചികിത്സനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.