അനാഥരുടെ അഭയകേന്ദ്രമായി വഴിയോര കച്ചവടക്കാരുടെ പുനരധിവാസ കേന്ദ്രം
text_fieldsപറവൂർ: വഴിയോര കച്ചവടക്കാരുടെ പുനരധിവാസത്തിനായി സംസ്ഥാനത്ത് ആദ്യമായി പറവൂർ നഗരസഭ ആരംഭിച്ച മുസിരിസ് ബസാർ കച്ചവടക്കാരും നഗരസഭയും ഉപേഷിച്ചതോടെ അനാഥരായ ഒരു കൂട്ടം ആളുകൾ കയ്യേറി താമസമുറപ്പിച്ചു. സ്വകാര്യ ബസ് സ്റ്റാന്റിന് വടക്കുവശമുള്ള മുസിരിസ് ബസാർ വർഷങ്ങളായി പ്രവർത്തിക്കാതെ കിടക്കുകയാണ്. വീടുകളിൽ നിന്നും പുറംതള്ളപ്പെട്ടവരും സ്വയം ഇറങ്ങിപ്പോന്നവരുമായ ചിലരാണ് ഇവിടെ താമസമാക്കിയിരിക്കുന്നത്.
ദേശീയ നഗര ഉപജീവന മിഷന്റെ ധന സഹായത്തോടെയാണ് നഗരസഭ 32 ലക്ഷത്തോളം രൂപ ചെലവഴിച്ച് മുസിരിസ് ബസാർ നിർമിച്ചത്. തെരഞ്ഞെടുക്കപ്പെട്ട 24 വഴിയോര കച്ചവടക്കാർക്ക് ഇവിടെ കച്ചവടത്തിനുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. 2019 ഫെബ്രുവരി ഒമ്പതിന് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർമാണോദ്ഘാടനം നിർവഹിച്ചു. 2020 ഫെബ്രുവരി 20ന് വി.ഡി. സതീശൻ എം.എൽ.എ മുസിരിസ് ബസാർ ഉദ്ഘാടനം ചെയ്തു.
ആദ്യഘട്ടത്തിൽ സഹകരിച്ച കച്ചവടക്കാർ പിന്നീട് പല കാരണങ്ങൾ പറഞ്ഞ് മുസിരിസ് ബസാർ ഒഴിഞ്ഞ് തെരുവിലേക്ക് വീണ്ടും എത്തി കച്ചവടം പുനഃസ്ഥാപിച്ചു. ഇത് തടയുന്നതിലും ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലും നഗരസഭ പരാജയപ്പെട്ടു.
ബസാർ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ പിന്നീട് വന്ന നഗരസഭ ഭരണാധികാരികൾക്ക് കഴിഞ്ഞില്ല. അതോടെ യാചകരുടെയും തെരുവുനായ്ക്കളുടെയും സാമൂഹിക വിരുദ്ധരുടെയും ഇടത്താവളമായി. സ്വകാര്യ ബസ് സ്റ്റാന്റ് കേന്ദ്രമാക്കി ഉപജീവന മാർഗം തേടി ജീവിക്കുന്ന അനാഥരാണ് ഇപ്പോൾ വീടിന് സമാനമായ സൗകര്യങ്ങൾ ഒരുക്കി ഇവിടെ താമസിച്ചു പോരുന്നത്. പക്ഷെ, നഗരസഭ അധികൃതർ ഇതൊന്നും അറിയുന്നതേയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.