പ്രതിസന്ധി മറികടന്ന് ചേന്ദമംഗലത്തെ കായ് കർഷകർ
text_fieldsപറവൂർ: കോവിഡ് പ്രതിസന്ധി മറികടന്ന് നൂറുമേനിവിളവുമായി ചേന്ദമംഗലത്തെ നേന്ത്രക്കായ് കർഷകർ. എന്നാൽ, ഓണം അടുത്തെത്തിയിട്ടും വില കാര്യമായി മെച്ചപ്പെടാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് കർഷകനും, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ എ.എം. ഇസ്മായിൽ പറയുന്നു. ഏതാനും ആഴ്ച മുമ്പുവരെ നിലനിന്ന വിലത്തകർച്ചയിൽനിന്ന് കായയുടെ വില കിലോക്ക് 40 - 45 വരെ ഉയർന്നിട്ടുണ്ട്. എന്നാലും കൂലിച്ചെലവിന് അനുസൃതമായി വില മെച്ചപ്പെട്ടിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.
ജൂൺ ആദ്യവാരത്തോടെ വിളവെടുപ്പ് ആരംഭിച്ച കർഷകരാണ് കനത്ത നഷ്ടത്തിെൻറ കഥ പറയുന്നത്. പുറമെനിന്ന് വരുന്ന കായക്ക് നികുതി ഏർപ്പെടുത്തിയാൽ കേരളത്തിലെ കർഷകെൻറ പ്രതിസന്ധിക്ക് മാറ്റമുണ്ടാകുമെന്നാണ് കർഷകനായ പി.വി. ശിവൻ പറയുന്നത്. എ.ഐ. ഇസ്മയിൽ രക്ഷാധികാരിയായി പി.വി. ശിവൻ, കെ.എ. ഇസ്മയിൽ, കെ.ജി. അജോ എന്നിവർ ചേർന്ന് പാലാതുരുത്തിൽ ഒരുമ എന്ന പേരിൽ സ്വാശ്രയ ഗ്രൂപ് രൂപവത്കരിച്ച് സ്വന്തമായും, പാട്ടത്തിനെടുത്ത ഭൂമിയിലുമാണ് കൃഷി. ഈ വർഷം ചേന്ദമംഗലം പഞ്ചായത്തിലാകെ അമ്പതിനായിരം വാഴകളാണ് കർഷകർ വിളയിച്ചെടുത്തത്. കഴിഞ്ഞ വർഷം 56 രൂപവരെ ഒരു കിലോ കായക്ക് കർഷകന് ലഭിച്ചിരുന്നെങ്കിൽ അതിെൻറ പകുതി വില പോലും ആദ്യം വിളവെടുത്ത കർഷകർക്ക് ലഭിച്ചില്ല.
ഓണത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ചന്തകളിൽ പത്ത് ശതമാനം വില കൂട്ടി കർഷകരിൽനിന്നും കായ വാങ്ങുന്നത് ഇവർക്ക് സഹായമാകുമെന്ന് കൃഷി ഓഫിസർ പി.സി. ആതിര വ്യക്തമാക്കി. പഞ്ചായത്തിെൻറ പദ്ധതി വിഹിതത്തിൽനിന്നും നല്ല ഇനം വാഴ കണ്ണുകൾ വാങ്ങി നൽകിയും, വളത്തിന് സബ്സിഡി നൽകിയും കർഷകരെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പ്രസിഡൻറ് ടി.ജി. അനൂപ് പറഞ്ഞു.
കൂടുതൽ വാഴകൃഷി ചെയ്ത 9,10,11 വാർഡുകൾ കണ്ടെയ്ൻമെൻറ് സോണായി അടച്ചിട്ടെങ്കിലും ഗ്രാമപഞ്ചായത്ത് ബദൽ സംവിധാനം ഏർപ്പെടുത്തിയത് കർഷകർക്ക് ആശ്വാസമായി. കൃഷി ഓഫിസറെ കൂടാതെ അസിസ്റ്റൻറുമാരായ പി.എ. പ്രദീപ്, സിജി രാജു എന്നിവരുടെ കോഓഡിനേഷനും കൃഷിയിൽ നേട്ടം കൊയ്യാൻ കർഷകർക്ക് പിൻബലമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.