ഇശലുകൾ പെയ്തിറങ്ങിയ മെഹ്ഫിൽ രാവ്
text_fieldsപറവൂർ: മാപ്പിളകലകളുടെ അവതരണവും ശൈലിയുംകൊണ്ട് കാണികളുടെ മനംകവർന്ന് ‘മെഹഫിൽ രാവ്’. തനിമ പറവൂർ ചാപ്റ്റർ ആഭിമുഖ്യത്തിൽ മന്നം ഇസ്ലാമിക് സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറിയ കുടുംബസംഗമം ‘മെഹ്ഫിൽ രാവ് ’ ആസ്വാദിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്.
അഞ്ചര മണിക്കൂർ നീണ്ട പരിപാടി ആസ്വാദക ഹൃദയങ്ങളിൽ ഇശൽ വിരുന്നൊരുക്കി. മാപ്പിളപ്പാട്ടുകൾ, ഗാനമേള, ഒപ്പന എന്നിവ ഒന്നിനൊന്ന് കാണികളിൽ ആവേശമുണർത്തി. അതിനിടെ പറവൂരിന്റെ പഴയ കാഥിക മന്നം നൂർജഹാൻ വമ്പുറ്റ ഹംസ .. എന്ന് തുടങ്ങുന്ന ഹിറ്റ് മാപ്പിളപ്പാട്ട് പാടി തന്റെ ശബ്ദമാധുര്യം ഒരിക്കൽ കൂടി തെളിയിച്ചപ്പോൾ സദസ്സ് ഇളകിമറിഞ്ഞു. മന്നം ഇസ്ലാമിക് സ്കൂൾ വിദ്യാർഥിനികൾ കാഴ്ച വെച്ച അറബിക് ഡാൻസ് മികച്ച നിലവാരം പുലർത്തി. പറവൂർ ഉപജില്ല സ്കൂൾ കലോത്സത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹയർസെക്കൻഡറി വിഭാഗത്തിലെ കലാകാരികൾ ഒപ്പന അവതരിപ്പിച്ചു. കോൽക്കളിയും ദഫ്മുട്ടും വട്ടപ്പാട്ടും മോണോ ആക്ടും പ്രസംഗവും നാടകവും ഫ്ലാഷ് മോബും നിരനിരയായി അമ്പരപ്പിച്ചപ്പോൾ ആരവവും നിലക്കാത്ത കൈയടിയും അകമ്പടിയായി. തുടർന്ന് മെഹ്ഫിൽ അരങ്ങിലെത്തി.
ഇതിനിടെ ‘മൈ മിസ്റ്റേക്’ എന്ന ഷോർട്ട് ഫിലിം ആദ്യപ്രദർശനം നടത്തി. കഥയും സംവിധാനവും നിർവഹിച്ച നാസർ വാണിയക്കാടിന് ഹാർമോണിസ്റ്റ് ജയൻ മാസ്റ്റർ തനിമയുടെ ഉപഹാരം കൈമാറി. കരാട്ടേ പ്രദർശനവും നടന്നു. നീണ്ട വർഷങ്ങളായി കരാട്ടേ രംഗത്ത് പ്രവർത്തിക്കുന്ന നസീർ-നസീറ ദമ്പതികൾക്ക് ഉപഹാരം നൽകി. മന്നം ഇസ്ലാമിക് മദ്റസ, മാഞ്ഞാലി എ.ഐ.എസ്.യു.പി സ്കൂൾ , മദ്റസത്തുൽ ഇസ്ലാമിയ എടവനക്കാട്, ഇസ്ലാമിയ്യ കോളജ് മന്നം, പറവൂർ ഗവ. ബോയ്സ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് കലാപരിപാടികൾ അവതരിപ്പിച്ചത്. പ്രോഗ്രാം കൺവീനർ മൂജീബ് മാക്കനായി, നാസർ വാണിയക്കാട്, ചാപ്റ്റർ പ്രസിഡൻറ് അബ്ബാസ് കരിങ്ങാം തുരുത്ത്, സെക്രട്ടറി മനാഫ് കൈതാരം, ഷാനവാസ് മൊഹ്റ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.