തീരദേശപരിപാലന നിയമം അട്ടിമറിച്ച് ഏഴിക്കരയിൽ നിർമാണം തകൃതി
text_fieldsപറവൂർ: ഏഴിക്കര പഞ്ചായത്തിൽ തീരദേശ പരിപാലന നിയമം അട്ടിമറിച്ച് നിർമാണ പ്രവർത്തനങ്ങൾ തകൃതിയിൽ. വാർഡ് ഒമ്പതിൽ പള്ളിയാക്കൽ സർവിസ് സഹകരണ ബാങ്കിന്റെ സമീപത്ത് ചാത്തനാട് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് അനധികൃത നിർമാണം. ഏഴിക്കര പഞ്ചായത്ത് സെക്രട്ടറി നൽകിയ സ്റ്റോപ് മെമ്മോ നിലനിൽക്കുമ്പോഴാണിത്.
പൊക്കാളിപ്പാടവും പൊതുതോടും ഉണ്ടായിരുന്ന ഭൂമി നികത്താൻ ആരംഭിച്ചത് 10 വർഷം മുമ്പാണ്. ഇത് നാട്ടുകാർ അന്ന് തടഞ്ഞെങ്കിലും രാഷ്ട്രീയ-ഉദ്യോഗസ്ഥ സ്വാധീനത്താൽ ഭൂമി ഘട്ടം ഘട്ടമായി നികത്തിയെടുത്തു. എന്നാൽ, മാസങ്ങൾക്കുമുമ്പ് ഈ ഭൂമിയിൽ അനധികൃത നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ സി.പി.എം കുഴുപ്പനം ബ്രാഞ്ച് സെക്രട്ടറി എൻ.പി. സന്തോഷ് പഞ്ചായത്ത്, റവന്യൂ അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചതിനെത്തുടർന്ന് ഇവിടെ തീരദേശ നിയന്ത്രണ നിയമം ബാധകമായതിനാൽ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത് നിർത്തിെവക്കണവെന്ന് ആവശ്യപ്പെട്ട് ഭൂവുടമക്ക് കത്ത് നൽകി.
എന്നിട്ടും അനധികൃത നിർമാണം നിർബാധം തുടർന്നു. ഇതിനെതിരെ വ്യാപക പരാതി ഉണ്ടായതിനെത്തുടർന്ന് ഇക്കഴിഞ്ഞ 23ന് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകി. എന്നാൽ, ഇതിന് ഒരു വിലയും കൽപിക്കാതെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പഞ്ചായത്തിൽ ഭരണകക്ഷിയായ കോൺഗ്രസിന്റെ ഒത്താശയോടെയാണ് അനധികൃത നിർമാണം നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. നിർമാണപ്രവർത്തനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.