സ്വപ്നക്കും കുടുംബത്തിനും താങ്ങായി കലക്ടറെത്തി
text_fieldsപറവൂർ: പ്രളയം തകർത്തെറിഞ്ഞ ജീവിതം തിരിച്ചുപിടിക്കാൻ കുടുംബത്തിന് ജില്ല കലക്ടറുടെ സഹായഹസ്തം. വടക്കേക്കര പഞ്ചായത്തിലെ കുഞ്ഞിത്തൈ തെറിയ്ക്ക വില്ലയിൽ സ്വപ്നക്കും കുടുംബത്തിനുമാണ് കലക്ടർ എസ്. സുഹാസ് വീട്ടിലെത്തി രണ്ടുലക്ഷം രൂപയുടെ ചെക്ക് നൽകിയത്. കൂടാതെ പ്രളയത്തിെൻറ നഷ്ടപരിഹാരമായി അനുവദിച്ച ഒന്നേകാൽ ലക്ഷം രൂപയും എൻ.ജി.ഒ സ്വരൂപിക്കുന്ന ഒരുലക്ഷവും കൈമാറുമെന്ന് കലക്ടർ ഉറപ്പുനൽകി. സ്വപ്നയും മൂന്ന് പെൺകുഞ്ഞുങ്ങളും ഭർത്താവ് ആൻറണിയും മാതാവും അടങ്ങുന്ന ആറംഗ കുടുംബം അന്തിയുറങ്ങുന്നത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിലാണ്. ജീർണാവസ്ഥയിലായിരുന്ന ഓടിട്ട വീട് കുത്തൊഴുക്കിൽ അപകടസ്ഥിതിയിലായി.
പ്രളയ നാശനഷ്ടം കണക്കാക്കിയപ്പോൾ അനുവദിച്ചത് ഒന്നേകാൽ ലക്ഷം മാത്രമാണ്. ഈ തുകക്കായി ഇവർ കലക്ടറേറ്റിൽ കയറിയിറങ്ങിയതിന് കണക്കില്ല. അക്കൗണ്ട് നമ്പർ മാറി അനർഹരായ ആർക്കോ തുക കൈമാറിയതായാണ് രേഖകൾ വ്യക്തമാക്കുന്നത്. മത്സ്യത്തൊഴിലാളിയായ ആൻറണിയുടെ തുച്ഛ വരുമാനത്തിലാണ് ജീവിതം . മാധ്യമങ്ങളിൽ ദയനീയസ്ഥിതി വാർത്തയായതിനെത്തുടർന്നാണ് കലക്ടർ നേരിട്ട് ഇടപെട്ടത്.
പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മിനി വർഗീസ് മാണിയാറ, തഹസിൽദാർ ജെഗ്ഗി പോൾ, ഡെപ്യൂട്ടി തഹസിൽദാർമാരായ ടി.എഫ്. ജോസഫ്, ടി.ആർ. സംഗീത്, വില്ലേജ് ഓഫിസർ ഷാജഹാൻ തുടങ്ങിയവർ കലക്ടറോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.