പുത്തൻവേലിക്കരയിൽ കാണാതായ ആധാരങ്ങൾ കണ്ടുകിട്ടിയില്ല
text_fieldsപറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിൽ കാണാതായ പ്രധാന ആധാരങ്ങൾ കണ്ടുകിട്ടിയില്ല. പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെയും ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെയും അടക്കം ആധാരങ്ങളാണ് കാണാതായത്.
അംഗനവാടിയുടെ ആധാരങ്ങൾ ഉൾപ്പെടെ ചിലത് മാത്രമാണ് പഞ്ചായത്ത് ഓഫിസിലുള്ളത്. കഴിഞ്ഞ 29ന് കൂടിയ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രസിഡന്റാണ് ആധാരങ്ങൾ കാണാതായ വിവരം അറിയിച്ചത്. തുടർന്ന് പ്രതിപക്ഷത്തെ കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പഞ്ചായത്തിന്റെ വസ്തുവകകൾ സംബന്ധിച്ച എല്ലാ റെക്കാഡുകളുടെയും കസ്റ്റോഡിയൻ പഞ്ചായത്ത് സെക്രട്ടറിയാണ്.
2018 ആഗസ്റ്റിൽ ഉണ്ടായ പ്രളയത്തിൽ പുത്തൻവേലിക്കര പഞ്ചായത്ത് മൊത്തത്തിൽ വെള്ളത്തിനടിയിലായിരുന്നു. അന്ന് 36,718 ഫയലുകളും രജിസ്റ്ററുകളും തിരിച്ചെടുക്കാൻ കഴിയാത്ത വിധം നഷ്ടപ്പെട്ടതായി 2018 നവംബർ 21ന് കൂടിയ അടിയന്തര കമ്മിറ്റി മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥർക്കും റിപ്പോർട്ട് ചെയ്തതാണ്.
പഞ്ചായത്ത് അസി. എൻജിനീയർ തയാറാക്കിയ റിപ്പോർട്ടിൽ 47,58,588 രൂപയുടെ നഷ്ടം പഞ്ചായത്തിനും ഘടക സ്ഥാപനങ്ങൾക്കും ഉണ്ടായതായി കണക്കാക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ അറിയിച്ചിരുന്നു. കാണാതായ ആധാരങ്ങൾ കണ്ടെത്താൻ പഞ്ചായത്ത് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. നേരത്തെ ഇവിടെ ജോലി ചെയ്തിരുന്നവരുടെ സേവനവും തേടിയിട്ടുണ്ട്. ആധാരങ്ങൾ പ്രളയത്തിൽ നഷ്ടപ്പെട്ടതായാണ് പൊതുവേയുള്ള നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.