ചേന്ദമംഗലം കവലയിൽ ലോഡ്ജിന്റെ സെപ്റ്റിക് ടാങ്ക് കുഴൽ കാനയിൽ; നഗരസഭ നോട്ടീസ് നൽകി
text_fieldsപറവൂർ: ചേന്ദമംഗലം കവലയിലെ സ്മിത ടൂറിസ്റ്റ് ഹോം ലോഡ്ജിന്റെ സെപ്റ്റിക് ടാങ്കിന്റെ മാലിന്യക്കുഴൽ കാനയിലേക്ക് തുറന്നുവെച്ചതിനെതിരെ നഗരസഭ നടപടിക്ക്. മാലിന്യക്കുഴൽ 15 ദിവസത്തിനകം മാറ്റിസ്ഥാപിക്കണമെന്ന് നഗരസഭ ആരോഗ്യവിഭാഗം നോട്ടിസ് നൽകി.
അല്ലാത്തപക്ഷം ആരോഗ്യ വിഭാഗം വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. മാലിന്യക്കുഴൽ പൊതുകാനയിലേക്ക് തുറന്നു വെച്ചതിനെതിരെ 50,000 രൂപ പിഴ അടക്കുന്നതിനും ആരോഗ്യവിഭാഗം ലോഡ്ജ് ഉടമയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളക്കെട്ട് പരിഹരിക്കാൻ കാന ശുചീകരണത്തിന് പൊളിക്കുന്നതിനിടയിലാണ് മാലിന്യക്കുഴൽ കാനയിലേക്ക് തുറന്നുവെച്ചത് കണ്ടെത്തിയത്. സംഭവത്തിന്റെ വാർത്ത ‘മാധ്യമം’ തിങ്കളാഴ്ച ചിത്രം സഹിതം പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട നഗരസഭ ആരോഗ്യ വിഭാഗം നേരിട്ടെത്തി പരിശോധന നടത്തിയശേഷമാണ് ലോഡ്ജ് ഉടമക്ക് നോട്ടീസ് നൽകിയത്. ഇതിനുപുറമെ ഒരു ഹോട്ടലിനെതിരെയും ആരോഗ്യവിഭാഗം നടപടിയെടുത്തു.
സെപ്റ്റിക് ടാങ്കിന്റെ എട്ടിഞ്ച് വലുപ്പമുള്ള മൺ പൈപ്പ് കണ്ടെത്തിയതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നിരുന്നു. കെട്ടിട നിർമാണച്ചട്ടം പാലിക്കാതെ അന്നത്തെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് നിർമാണം പൂർത്തിയാക്കിയതെന്ന ആരോപണം ഉയർന്നിരുന്നു.
ആലുവ-പറവൂർ പ്രധാന റോഡിനോട് ചേർന്നാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. അന്നത്തെ നഗരസഭ ചെയർമാനായിരുന്ന കെ.ആർ. വിജയൻ നിർമാണത്തിന് അനുമതി നൽകാത്തതിനാൽ തിരുവനന്തപുരത്തുനിന്ന് സ്പെഷൽ ഓർഡർ വാങ്ങിയാണ് നിയമവിരുദ്ധമായി കെട്ടിടം പണിതത്.
ചേന്ദമംഗലം കവലയുടെ വികസനത്തിന് തടസ്സമായി മാറിയത് നിയമവിരുദ്ധമായി പണിത ഈ കെട്ടിടമാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇതിനിടയിലാണ് സെപ്റ്റിക് ടാങ്ക് പ്രശ്നം പുറത്തുവന്നത്. സെപ്റ്റിക് മാലിന്യത്തിന്റെ രൂക്ഷഗന്ധം മൂലം മുമ്പ് പലതവണ നഗരസഭയിൽ പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.