വൃശ്ചിക വേലിയേറ്റം വീടുകൾ മുങ്ങുന്നു; പരിഹാരം കാണാതെ അധികൃതർ
text_fieldsപറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിൽ വൃശ്ചിക വേലിയേറ്റത്തിൽ വീടുകൾ മുങ്ങുന്ന പ്രതിഭാസത്തിന് പരിഹാരം കാണണമെന്ന ജനകീയ ആവശ്യത്തോട് മുഖം തിരിഞ്ഞുനിൽക്കുന്ന അധികൃത സമീപനം തിരുത്തണമെന്ന ആവശ്യം ശക്തമായി. 15, 16 വാർഡുകളിൽ ഉൾപ്പെടുന്ന തുരുത്തിപ്പുറം, വെള്ളോട്ടുപുറം പ്രദേശങ്ങളിലാണ് ജനങ്ങൾ പ്രതിസന്ധിയിലാകുന്നത്. പാതിരാത്രിയിലും പുലർച്ചയുമൊക്കെ വീട്ടിൽനിന്ന് ഇറങ്ങി ഓടേണ്ട ഗതികേടാണ് മേഖലയിലെ ജനങ്ങൾക്കുള്ളത്. പുഴയിലെയും തോട്ടിലെയും സകല മാലിന്യങ്ങളും വീടിനകത്തേക്ക് അടിച്ചുകയറും, ക്ലോസറ്റുകൾ നിറഞ്ഞുകവിയും, കക്കൂസ് മാലിന്യങ്ങൾ വീടുകളിൽ പരക്കും. ഉപ്പുജലം കയറി ഭൂമിയിൽ പുല്ലുപോലും കിളിർക്കാതായി. പച്ചക്കറികൾ നട്ട് വളർത്താനാവാത്ത അവസ്ഥ. തല ചായ്ക്കാനൊരിടം കിട്ടിയാൽ ജനിച്ച നാടും വീടും ഉപേക്ഷിക്കാൻവരെ തയാറായ മാനസികാവസ്ഥയിലാണ് ഇവിടത്തെ ജനങ്ങൾ. 2022ലെ വൃശ്ചികം പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. അടിയന്തര പരിഹാരം ഉടൻ ഉണ്ടാകണമെന്നാണ് ആവശ്യം.
പുഴയിൽനിന്നും വെള്ളം കയറുന്ന തോടുകൾ വൃശ്ചിക വേലിയേറ്റം കഴിയും വരെ അടച്ചുവെച്ചാൽ ഉൾപ്രദേശത്തെ താഴ്ന്ന വീടുകളെ വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷിക്കാനാകും. തീരം കെട്ടി ഉയർത്തിയാൽ നേരിട്ട് വെള്ളം കയറുന്നതും തടയാം. ഈ രണ്ട് കാര്യങ്ങളും നടപ്പാക്കാൻ പുത്തൻവേലിക്കര അടിയന്തര തീരുമാനമെടുക്കണമെന്നും ശാസ്ത്രീയ പദ്ധതികൾ തയാറാക്കാൻ സർക്കാർ മുന്നോട്ട് വരണമെന്നുമാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.