കെ.എസ്.ഇ.ബിയുടെ വാഹന ചാർജിങ് സ്റ്റേഷൻ അടച്ചിട്ട് മൂന്നു മാസം പിന്നിട്ടു
text_fieldsപറവൂർ: കെ.എസ്.ഇ.ബി മന്നം 66 കെ.വി സബ് സ്റ്റേഷനോടനുബന്ധിച്ചുള്ള വാഹന ചാർജിങ് കേന്ദ്രം മൂന്ന് മാസമായിട്ടും തുറന്നു പ്രവർത്തിക്കുന്നില്ല. അപകടത്തെത്തുടർന്ന് ഇക്കഴിഞ്ഞ സെപ്റ്റംബർ 23നാണ് താൽക്കാലികമായി സ്റ്റേഷൻ അടച്ചത്. ഒരേ സമയം നാല് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്. കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥയാണ് ചൂണ്ടിക്കാട്ടുന്നത്.
സെപ്റ്റംബർ 23ന് ഇവിടെ വൈദ്യുതി കാർ ചാർജ് ചെയ്യാൻ എത്തിയ മുൻ നഗരസഭ കൗൺസിലർ കെ.എൽ. സ്വപ്നക്ക് മെഷീനിൽ നിന്ന് ഷോക്കേറ്റിരുന്നു. തെറിച്ചുവീണ സ്വപ്നക്ക് ശ്വാസ തടസ്സവും തലകറക്കവും ഉണ്ടായി. കൈക്കും കാലിനും പൊള്ളലേറ്റ സ്വപ്ന സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 59 ശതമാനം ചാർജ് കയറിയ ശേഷം മെഷീൻ പ്രവർത്തനരഹിതമായി.
വീണ്ടും പ്രവർത്തിക്കാതിരുന്നതിനാൽ കാറിന്റെ കണക്ടറിൽ നിന്ന് പ്ലഗ് വിച്ഛേദിച്ച ശേഷം മെഷീനിലേക്ക് തിരികെ വെച്ചപ്പോഴാണ് ഷോക്കേറ്റതെന്നാണ് സ്വപ്ന പറഞ്ഞത്.അപകടം നടന്ന ഉടനെ അടച്ചതാണ് ചാർജിങ് സ്റ്റേഷൻ. ആദ്യമായാണ് ഇവിടെ അപകടമുണ്ടായത്. സ്റ്റേഷൻ സ്ഥാപിച്ച കമ്പനി ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബിയിലെ ഉയർന്ന ഉദ്യോഗസ്ഥരും എത്തി വിശദപരിശോധന നടത്തിയിരുന്നു.
സ്വപ്നയുടെ പരാതിയിൽ പൊലീസും അന്വേഷണം നടത്തിയിരുന്നു. എന്നാൽ സ്റ്റേഷൻ തുറക്കാൻ മാത്രം നടപടിയായിട്ടില്ല. പറവൂർ മേഖലയിലെ ഏക ചാർജിങ് സ്റ്റേഷനാണിത്. ഇതുകാരണം നിരവധി വാഹന ഉടമകൾ വിഷമ സന്ധിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.