വേലിയേറ്റം ശക്തമായി; ചെമ്മീൻ കെട്ടുകൾ നാശത്തിൽ
text_fieldsപറവൂർ: കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ ശക്തമായ വേലിയേറ്റത്തെ തുടർന്ന് ചെമ്മീൻ കെട്ടുകൾ വെള്ളത്തിൽ മുങ്ങുന്നു. കോട്ടുവള്ളി, ഏഴിക്കര, കൈതാരം പ്രദേശങ്ങളിലെ ചെമ്മീൻ കൃഷിക്കാരെയാണ് ഏറെ ദോഷകരമായി ബാധിച്ചിട്ടുള്ളത്.
ശക്തമായ വേലിയേറ്റത്തെ തുടർന്ന് ചെമ്മീൻ കെട്ടുകളുടെ പുറംചിറകളും തൂമ്പുകളും വെള്ളത്തിനടിയിലായി. ഇതുമൂലം ഹാച്ചറികളിൽ നിന്ന് കെട്ടുകളിൽ നിക്ഷേപിച്ചിട്ടുള്ള കാര ചെമ്മീൻ കുഞ്ഞുങ്ങളും ഞണ്ടുകളും പുഴയിലേക്ക് ഒഴുകിപ്പോകുന്ന അവസ്ഥയാണ്. ഈ അവസ്ഥ വൻ സാമ്പത്തിക നഷ്ടമാണ് ചെമ്മീൻ കെട്ട് കർഷകർക്കുണ്ടാക്കിയിട്ടുള്ളത്. കെട്ടുതുടങ്ങി 20 ദിവസം പിന്നിട്ടപ്പോഴാണ് ഇടിത്തീപോലെ ഈ ദുരവസ്ഥയുണ്ടായത്. മുൻവർഷങ്ങളിലും ഇത്തരം പ്രതിഭാസം ഉണ്ടായപ്പോൾ കർഷകരുടെ സംഘടന കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ സർക്കാറിന് നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൃഷിവകുപ്പ് ഒരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാർഹമാെണന്ന് ഫെഡറേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. സർക്കാറിന്റെ ഭാഗത്തുനിന്ന് ഇതിനുള്ള പരിഹാര നടപടികൾ ഉണ്ടാകണമെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.എക്സ്. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.