പറവൂർ താലൂക്ക് ആശുപത്രിയിലെ ഒഴിവുകൾ; ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി
text_fieldsപറവൂർ: 1500ൽപരം ആളുകൾ ചികിത്സക്ക് ദിനംപ്രതി എത്തുന്ന പറവൂർ താലൂക്ക് ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്നും നിലവിലെ ഒഴിവുകൾ നികത്തണമെന്നും ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി.
ജനറൽ കൺസൽട്ടന്റിന്റെ ജൂനിയർ കൺസൽട്ടന്റ്, സീനിയർ സർജൻ, ഒഫ്താൽമോളജിസ്റ്റ്, ആംബുലൻസ് ഡ്രൈവർ എന്നിവരെ ഉടൻ നിയമിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. കൂടാതെ ഒ.പി വിഭാഗത്തിൽ എൻ.എച്ച്.എം വഴി നിയമിച്ചിരുന്ന ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതുമൂലം സ്പെഷലിസ്റ്റ് ഡോക്ടർമാരെ ഒ.പിയിൽ നിയമിക്കേണ്ടി വരുന്നതിനാൽ ഇവരുടെ സേവനം നൽകാൻ കഴിയുന്നില്ല. അതിനാൽ പുതിയ അസിസ്റ്റന്റ് സർജൻ തസ്തികകൾ രണ്ടെണ്ണം സൃഷ്ടിക്കേണ്ടി വരും.
കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ സെപ്റ്റംബർ വരെ ഏകദേശം 230 പോസ്റ്റ്മോർട്ടം കേസുകൾ നടത്തിയിട്ടുണ്ട്.
എന്നാൽ, ഫോറൻസിക് സർജന്റെ സേവനം ലഭ്യമല്ലാത്തതിനാൽ പലപ്പോഴും വിദഗ്ധ ഉപദേശത്തിനായി മെഡിക്കൽ കോളജുകളിലേക്ക് പോസ്റ്റ്മോർട്ടം കേസുകൾ വിടേണ്ടി വരുന്നത് പലപ്പോഴും പൊതുജനങ്ങളും ആശുപത്രി അധികൃതരും തമ്മിൽ തർക്കത്തിന് ഇടവരുത്തുന്നു. ചർമരോഗ ചികിത്സക്ക് ഡെർമറ്റോളജി ഡോക്ടറുടെ സേവനം നൽകാൻ തസ്തിക ഉണ്ടാകണം.
മെഡിക്കൽ ബോർഡുകൾ മാസംതോറും ചേരുന്നുണ്ടെങ്കിലും സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നീ ഡോക്ടർമാരുടെ തസ്തിക ഇല്ലാത്തത് മാനസിക വെല്ലുവിളിയുള്ളവരുടെ പരിശോധനകളെ ബാധിക്കുന്നു. രാത്രിയിൽ ചികിത്സക്ക് ഡോക്ടർമാരുടെ ലഭ്യതക്കുറവും രോഗികളുടെ പരിചരണത്തെയും പ്രവർത്തനങ്ങളെയും ബാധിക്കുന്നു. ആംബുലൻസ് ഡ്രൈവറുടെ തസ്തിക ഒരെണ്ണം ഒഴിഞ്ഞു കിടക്കുന്നു.
ഈ തസ്തികയിൽ ആളെ നിയമിക്കണം. റേഡിയോളജിസ്റ്റ് തസ്തിക ഉടൻ അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. കൂടാതെ ആശുപത്രി മുഖാന്തരം നൽകുന്ന സൗജന്യ ചികിത്സക്കും വിവിധ ആരോഗ്യ പദ്ധതികൾക്കും ആശുപത്രിക്ക് ലഭിക്കേണ്ട 1.30 കോടി രൂപയോളം ലഭ്യമാക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. വൈസ് ചെയർമാൻ എം.ജെ. രാജു, സ്ഥിരംസമിതി അധ്യക്ഷരായ സജി നമ്പിയത്ത്, ശ്യാമള ഗോവിന്ദൻ എന്നിവർ ചെയർപേഴ്സനോടൊപ്പം നിവേദനം നൽകാൻ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.