പറവൂർ സഹകരണ ബാങ്കിനെതിരെ വിജിലൻസ് കേസ്: സി.പി.എമ്മിൽ പോര്
text_fieldsപറവൂർ: പറവൂർ സഹകരണ ബാങ്ക് ഭരണസമിതിക്കാരും ജീവനക്കാരുമായ 24 പേർക്കെതിരെ വിജിലൻസ് അഴിമതിക്കും അധികാര ദുർവിനിയോഗത്തിനും കേസെടുത്തതിനെത്തുടർന്ന് പറവൂരിൽ സി.പി.എമ്മിനുള്ളിൽ പോര്. സി.പി.എം-സി.പി.ഐ ബന്ധം ഉലയുകയാണ്.
ബാങ്കിലെ അഴിമതികൾ അക്കമിട്ട് നേതൃത്വത്തെ അറിയിച്ചവർതന്നെ പ്രതികളായതാണ് സി.പി.എമ്മിൽ രോഷം മറനീക്കി പുറത്തുവരാൻ കാരണം. യഥാർഥത്തിൽ അഴിമതി നടത്തിയത് സി.പി.എം നേതാക്കളാണെന്നും മറ്റുള്ളവർ നിരപരാധികളും ബലിയാടുകളുമാണെന്നാണ് സി.പി.ഐ വാദം.
സി.പി.എമ്മിലെ മൂന്ന് ഏരിയ കമ്മിറ്റി അംഗങ്ങളും രണ്ട് ലോക്കൽ സെക്രട്ടറിമാരും അടക്കമുള്ളവർ കേസിൽ പ്രതികളാണ്. മുൻ ഏരിയ സെക്രട്ടറി വി.എസ്. ഷഡാനന്ദൻ അടക്കമുള്ളവർ മൂന്നുവർഷം മുമ്പ് ബാങ്കിലെ ചിലരുടെ വഴിവിട്ട പോക്കും പണത്തോടുള്ള ആർത്തിയും രേഖാമൂലം നേതൃത്വത്തെ അറിയിച്ചിരുന്നു.
പാർട്ടി അന്വേഷണം നടത്തി അഴിമതി കണ്ടെത്തിയെങ്കിലും മൂടിവെച്ചതാണ് ഇപ്പോൾ വിനയായത്. അന്ന് പാർട്ടിക്ക് പരാതി നൽകിയ ഷഡാനന്ദൻ ഇന്ന് കേസിൽ പ്രതിയാണ്.
മുൻ ഏരിയ സെക്രട്ടറി ടി.ജി. അശോകൻ അടക്കമുള്ള നേതാക്കളും വലിയൊരുവിഭാഗം പ്രവർത്തകരും പാർട്ടിയുടെ ഗതികേടിൽ പ്രതിഷേധത്തിലാണ്. സി.പി.ഐ ഭരണ സമിതിയംഗങ്ങൾക്ക് തിരിമറികളിലും അഴിമതിയിലും ഒരു പങ്കുമില്ലെന്ന് സി.പി.ഐ നേതാക്കൾ പറയുന്നു.
വിജിലൻസ് കേസ് തെരഞ്ഞെടുപ്പ് പ്രചാരണത്തെയും സാരമായി ബാധിച്ചു. അഴിമതിക്കാരായ നേതാക്കളോടൊപ്പം വോട്ടർമാരെ സമീപിക്കാൻ പ്രവർത്തകർ മടിക്കുകയാണ്.
കോൺഗ്രസിന്റെ നേതൃത്വത്തിൽ ബാങ്കിലെ അഴിമതിക്കെതിരെ വർഷങ്ങളോളം സമരങ്ങളും നിയമപോരാട്ടവും നടത്തിയിരുന്നു. ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ടുകളിൽ അഴിമതികൾ അക്കമിട്ട് നിരത്തിയിരുന്നു.
ഓഡിറ്റ് റിപ്പോർട്ട് പൊതുയോഗം പാസാക്കിയിട്ടും ഭരണസമിതി രാജിവെക്കാൻ കൂട്ടാക്കാതെ ഭരണത്തിൽ തുടരുകയാണ്. വിജിലൻസ് കേസെടുത്ത പശ്ചാത്തലത്തിൽ ഭരണസമിതിയുടെ രാജിക്കായി കോൺഗ്രസ് ഹൈകോടതിയെ സമീപിക്കുമെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.