പറവൂരിലെ വയോധികയുടെ മരണം വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
text_fieldsപറവൂർ: താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ വയോധിക മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് വിഭാഗം വിജിലൻസ് അഡീഷനൽ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
ജൂലൈ 10ന് നീണ്ടൂർ കൈതക്കൽ വീട്ടിൽ അസ്മ (72) മരിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ഉയർന്നത്. ആംബുലൻസ് ഡ്രൈവറുടെ അനാസ്ഥ കാരണം രോഗി മരിച്ചെന്ന പരാതിയിൽ നടന്ന അന്വേഷണത്തിൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച ആംബുലൻസ് വാടക രസീതിൽ ഡ്രൈവറുടെ ഒപ്പ് കൃത്രിമമായി ചമച്ചതാണെന്ന് വിജിലൻസ് കണ്ടെത്തി. സംഭവത്തിൽ ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്ടർ (വിജിലൻസ്) ഡോ.ജോസ് ജി. ഡിക്രൂസ് നടത്തിയ അന്വേഷണത്തിലാണ് അന്നത്തെ ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മയുടെ നേതൃത്വത്തിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിട്ടുള്ളത്.
ആരോഗ്യ വകുപ്പിന്റെ ജില്ലാതല അന്വേഷണത്തിൽ റോസമ്മക്കെതിരെ നടപടി ശിപാർശ ചെയ്തില്ലെങ്കിലും സംസ്ഥാന വിജിലൻസ് വിഭാഗം ക്രമക്കേടുകൾ കണ്ടെത്തുകയായിരുന്നു. ഇതിന്മേൽ തുടർനടപടികൾ നിർദേശിച്ചു കൊണ്ട് റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു. രോഗിയുടെ ബന്ധുക്കൾക്ക് രസീത് നൽകാതെയാണ് ഡ്രൈവർ 900 രൂപ കൈപ്പറ്റിയത്. പരാതി ഉയർന്ന ജൂലൈ 11ന് ശേഷമാണ് കൃത്രിമമായി വാടക രസീത് ചമക്കുകയും അവയുടെ ഒറിജിനൽ കീറി മാറ്റി.
രസീത് നൽകാതെ രോഗിയുടെ ബന്ധുക്കളിൽനിന്ന് ആംബുലൻസ് വാടക കൈപ്പറ്റാൻ ഡ്രൈവർക്ക് അനുവാദം നൽകുകയും സംഭവശേഷം എച്ച്.എം.സിയുടെ തീരുമാനമില്ലാതെ ആംബുലൻസ് വാടക മുൻകൂട്ടി അടയ്ക്കണമെന്ന നോട്ടീസ് ആശുപത്രിയിൽ പതിപ്പിക്കുകയും ചെയ്ത അന്നത്തെ സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മയുടെ നടപടി കൃത്യനിർവഹണ വീഴ്ചയാണെന്നും റിപ്പോർട്ടിലുണ്ട്. നഗരസഭയുടെ അനുവാദമില്ലാതെ സൂപ്രണ്ട് നോട്ടീസ് പതിപ്പിച്ചതിനെ തുടർന്ന് നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു നോട്ടീസ് വലിച്ചു കീറി കളഞ്ഞിരുന്നു.
എച്ച്.എം.സി തീരുമാനപ്രകാരം താലൂക്ക് ആശുപത്രിയിൽനിന്ന് ജനറൽ ആശുപത്രിയിലേക്ക് പോകാനുള്ള ആംബുലൻസ് നിരക്ക് 700 രൂപയായി നിശ്ചയിച്ചിരുന്നു. ഇത് നിലനിൽക്കെ കൂടുതൽ തുക രോഗിയുടെ ബന്ധുക്കളിൽനിന്ന് ഡ്രൈവർ കൈപ്പറ്റിയത് വിവാദമായിരുന്നു. കടുത്ത പനി മൂലം ആശുപത്രിയിൽ എത്തിച്ച അസ്മയ്ക്ക് ഗുരുതരമായതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ നിർദേശിച്ചു. എന്നാൽ, വാഹന വാടക 900 രൂപ മുൻകൂറായി നൽകിയാലേ കൊണ്ടുപോകൂവെന്ന് ആംബുലൻസ് ഡ്രൈവർ നിർബന്ധം പിടിച്ചു. ൈകയിൽ പണമില്ലാത്തതിനാൽ ബന്ധുക്കൾ തിരികെ വീട്ടിലെത്തി പണമെടുത്ത് നൽകിയശേഷം അരമണിക്കൂർ വൈകിയാണ് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ എത്തി അൽപ സമയത്തിനകം അസ്മ മരിച്ചു. എച്ച്.എം.സി നിയമിച്ച ആംബുലൻസ് ഡ്രൈവർ ആന്റണി ഡിസിൽവയെ സംഭവത്തിനുശേഷം സേവനത്തിൽ നിന്ന് മാറ്റിനിർത്തി. ഇതിന് പുറമെ ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മയെ പെരുമ്പാവൂരിലേക്ക് സ്ഥലം മാറ്റി ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.