പറവൂർ നഗരസഭ കൗൺസിൽ യോഗത്തിൽ വാക്പോരും കൈയാങ്കളിയും
text_fieldsനഗരസഭ ചെയർപേഴ്സൻ ബീന ശശിധരന്റെ നേതൃത്വത്തിൽ കൗൺസിലർമാർ നഗരസഭ കാവടത്തിന് മുന്നിൽ പ്രതിഷേധിക്കുന്നു
പറവൂർ: നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ -പ്രതിപക്ഷ വാക്പോര് കൈയാങ്കളിയിൽ കലാശിച്ചു. വാക്തർക്കത്തിൽ എൽ.ഡി.എഫിലെ സീനിയർ കൗൺസിലർ ഭരണകക്ഷിയിലെ സ്ഥിരംസമിതി അധ്യക്ഷൻ സജി നമ്പ്യത്തിനെ തള്ളി താഴെയിട്ടത് രംഗം പ്രക്ഷുബ്ധമാക്കി.
വെള്ളിയാഴ്ച നടന്ന കൗൺസിൽ യോഗമാണ് വാക്ക്പോരിലും കൈയാങ്കളിയിലും അവസാനിച്ചത്. യോഗം തുടങ്ങും മുമ്പ് അജണ്ട വായിച്ച് കൗൺസിൽ യോഗം തുടങ്ങി. ഇതിനിടയിൽ പ്രതിപക്ഷത്തെ ചില കൗൺസിലർമാർ അജണ്ട വീണ്ടും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതാണ് ബഹളത്തിലും കൈയേറ്റത്തിലും കലാശിച്ചത്.
ആവശ്യം ചെയർപേഴ്സൻ ബീന ശശിധരൻ നിരാകരിച്ചതോടെ പ്രതിപക്ഷ കൗൺസിലർമാരിൽ ചിലർ ചെയർപേഴ്സന്റെ ഇരിപ്പിടത്തിന് സമീപമെത്തി വായിച്ച വനിത ജീവനക്കാരിയിൽനിന്ന് അജണ്ട വാങ്ങി കീറിക്കളഞ്ഞശേഷം മൈക്ക് തട്ടിയെടുത്ത് കേബിളുകൾ താഴേക്ക് വലിച്ചെറിഞ്ഞു.
എൽ.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ ഹാളിന്റെ വാതിൽ പൂട്ടിയിട്ട ശേഷം സമരം നടത്തുന്നു
തുടർന്ന് ചെയർപേഴ്സൻ മറ്റ് അജണ്ടകൾ വായിച്ചു തുടങ്ങിയപ്പോൾ പ്രതിപക്ഷത്തെ മുതിർന്ന അംഗം ചെയർമാന്റെ കൈയിലെ മൈക്ക് തട്ടിയെടുക്കുകയും പേപ്പറുകൾ വലിച്ചു കീറുകയും ചെയ്തു. മൈക്കില്ലാതെ അജണ്ടകൾ വായിച്ചു തീർത്തഴേ തുടർന്നും പ്രതിപക്ഷത്തെ ചില കൗൺസിലർമാർ ചെയർപേഴ്സന്റെ കസേരക്ക് മുന്നിൽ പ്രതിഷേധവുമായെത്തി. ഇത് ഭരണകക്ഷി കൗൺസിലർമാർ ചോദ്യം ചെയ്യുകയും ചെയർപേഴ്സന്പ്രതിരോധം തീർക്കുകയും ചെയ്തു.
തുടർന്ന് മറ്റ് കൗൺസിലർമാരെത്തി രംഗം ശാന്തമാക്കി. എന്നാൽ, കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങിയതോടെ ഉടനെ ചെയർപേഴ്സൻ നടപടികൾ അവസാനിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം കൗൺസിൽ ഹാൾ അടച്ചുപൂട്ടി സമരം നടത്തി. തുടർന്ന് ഭരണപക്ഷ- പ്രതിപക്ഷ കൗൺസിലർമാർ പരസ്പരം മുദ്രവാക്യം മുഴക്കി പ്രതിഷേധിച്ചു. ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിലും വനിത ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിലും കൗൺസിലർമാരെ മർദിച്ചതിലും പ്രതിഷേധിച്ച് ചെയർപേഴ്സന്റെ നേതൃത്വത്തിൽ കൗൺസിലർമാർ നഗരസഭ കാവടത്തിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.